തിരുവനന്തപുരം: തിരുവനന്തപുരത്ത് ശശി തരൂരും ആറ്റിങ്ങലിൽ അടൂർ പ്രകാശും യു.ഡി.എഫ് സ്ഥാനാർത്ഥികളാകുമെന്ന് എതാണ്ട് ഉറപ്പായതോടെ കോൺഗ്രസ് പാളയം തിരഞ്ഞെടുപ്പ് പ്രചാരണ ചൂടിലേക്ക് കടന്നു. പ്രചാരണ പ്രവർത്തനങ്ങൾക്കും അതേ വേഗം നൽകാനുള്ള ആവേശത്തിലാണ് ജില്ലയിലെ പ്രവർത്തകർ. ഇതിനായി മണ്ഡലതലം മുതൽക്കുള്ള ജില്ലയിലെ മുഴുവൻ കോൺഗ്രസ് ഭാരവാഹികളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള യോഗം ഇന്നലെ ജില്ലാ കോൺഗ്രസ് കമ്മിറ്റി ഒാഫീസിൽ കൂടി. തിരഞ്ഞെടുപ്പിന് മാസങ്ങൾക്കു മുമ്പുതന്നെ പ്രധാന പ്രവർത്തകരെയെല്ലാം ഒന്നിച്ചുവിളിച്ച് പ്രചാരണകാര്യങ്ങൾ കൂടിയാലോചിക്കാൻ കഴിഞ്ഞതിന്റെ ആത്മവിശ്വാസം നേതാക്കളുടെ ശരീരഭാഷയിലും പ്രകടമായിരുന്നു. മണ്ഡലം, ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റുമാർ, ഡി.സി.സി ഭാരവാഹികൾ, ജില്ലയിലെ എം.എൽ.എമാർ, കെ.പി.സി.സി അംഗങ്ങൾ, പോഷകസംഘടനാ ഭാരവാഹികൾ എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണപ്രവർത്തനങ്ങളെ സംബന്ധിച്ച ധാരണ നൽകാനും പ്രവർത്തകർക്ക് ആവേശം പകരാനും കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി മുകുൾ വാസ്നികും ഇന്നലെ ഡി.സി.സി ഒാഫീസിൽ എത്തിയിരുന്നു.
തിരുവനന്തപുരത്ത് ശശി തരൂരിന്റെ ഭൂരിപക്ഷം എത്രത്തോളം കൂട്ടാമെന്ന് ലക്ഷ്യമിട്ടുള്ള പ്രവർത്തനമായിരിക്കും തങ്ങൾ മണ്ഡലത്തിൽ നടത്തുകയെന്ന് ഭാരവാഹികൾ ആത്മവിശ്വാസം പ്രകടിപ്പിച്ചു. തിരുവനന്തപുരത്തെ വിജയസാദ്ധ്യതയെപ്പറ്റി യോഗത്തിൽ സംസാരിച്ച മുകുൾ വാസ്നിക് അടക്കമുള്ള നേതാക്കൾക്കും സംശയമില്ലായിരുന്നു. ആറ്റിങ്ങൽ മണ്ഡലത്തിലെ വിജയം കോൺഗ്രസിന് അസാദ്ധ്യമായ കാര്യമല്ലെന്നും നന്നായി പ്രവർത്തിച്ചാൽ വിജയം ഉറപ്പാണെന്നും മുകുൾ വാസ്നിക് പ്രവർത്തകരെ ഓർമ്മപ്പെടുത്തി. പരിചയസമ്പന്നനായ നേതാവായ അടൂർ പ്രകാശിന് മികച്ച പോരാട്ടം കാഴ്ചവയ്ക്കാനാകുമെന്നുള്ള പ്രത്യാശയും അദ്ദേഹം പ്രകടിപ്പിച്ചു.കെ.പി.സി.സി പ്രസിഡന്റ്, പ്രതിപക്ഷനേതാവ്, കെ.പി.സി.സി ജനറൽ സെക്രട്ടറിമാർ എന്നിവർ നേതൃത്വം നൽകിയ ഭാരവാഹി യോഗത്തിൽ മണ്ഡലങ്ങളിലെ പ്രവർത്തനങ്ങളെ സംബന്ധിച്ച രൂപരേഖ നൽകി.
'ശക്തി മൊബൈൽ ആപ്'
കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽഗാന്ധി അടക്കമുള്ള ദേശീയ നേതൃത്വവുമായി കീഴ്ഘടകങ്ങളെ നേരിട്ട് ബന്ധിപ്പിക്കുന്ന 'ശക്തി മൊബൈൽ ആപ്' ഈ തിരഞ്ഞെടുപ്പിൽ എല്ലാ ബൂത്ത് കമ്മിറ്റികളിലും നടപ്പിലാക്കുന്നുണ്ട്. ഇതിന്റെ ഉപയോഗത്തെപ്പറ്റി യോഗം ഭാരവാഹികൾക്ക് ധാരണ നൽകി. ഒരു ബൂത്തിലെ 10 ഭാരവാഹികൾ ഇതിൽ അംഗങ്ങളാകും. നിശ്ചിത ഫോൺനമ്പരിൽ വോട്ടർ ഐ.ഡിയിലെ നമ്പർ നൽകിയാണ് മൊബൈൽ ആപ് സംവിധാനത്തിന്റെ ഭാഗമാകുക. അംഗമാകുന്നവർക്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അപ്പപ്പോഴുള്ള വിശകലനങ്ങൾ ലഭിക്കുകയും പ്രചാരണപുരോഗതി നേതാക്കളെ അറിയിക്കാനുമാകും. സമൂഹമാദ്ധ്യമങ്ങളുടെ സാദ്ധ്യത കൂടുതലായി ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള കാമ്പെയിനിലായിരിക്കും കോൺഗ്രസ് ഇത്തവണ ശ്രദ്ധയൂന്നുക.