കിളിമാനൂർ: കിളിമാനൂരിലെയും പരിസരപ്രദേശങ്ങളിലെയും ആശുപത്രികളെല്ലാം പനി ബാധിച്ചവരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ് ഇപ്പോൾ. മഴക്കാലത്ത് പനി പടരുന്നത് സാധാരണമാണെങ്കിലും ഇപ്പോൾ പടരുന്ന പനി ജനങ്ങളിൽ ആശങ്കയുണർത്തുകയാണ്. കഴിഞ്ഞ കുറെ വർഷങ്ങളായി ഡെങ്കിപ്പനി, ചിക്കൻ ഗുനിയ തുടങ്ങിയ വ്യത്യസ്ത തരത്തിലുള്ള പനികളായിരുന്നു ജനങ്ങളെ പരിഭ്രാന്തിയിലാക്കിയതെങ്കിൽ ഇക്കുറി എത്തിയത് നിപ്പയാണ്. അതിനാൽ തന്നെ പനിയുടെ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ജനങ്ങൾ ആശുപത്രിയിൽ എത്തുകയാണെന്ന് ആരോഗ്യ പ്രവർത്തകർ പറയുന്നു. കേശവപുരം സി.എച്ച്.സിയിൽ അറുന്നൂറോളം രോഗികളാണ് എത്താറുള്ളതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഇതു കൂടാതെ സ്വകാര്യ ആശുപത്രികളിലും നിരവധി പേർ ചികിത്സ തേടിയെത്തുന്നുണ്ട്. വൈറൽ പനിയുമായി എത്തുന്നവരാണ് കൂടുതൽ പേരും. മാലിന്യങ്ങൾ അഴുകിയും മലിനജലത്തിൽ നിന്നും അസുഖം പരത്തുന്ന കൊതുക് പോലുള്ള ജീവികളിൽ നിന്നുമാണ് അസുഖങ്ങൾ ഏറെയും പടർന്നു പിടിക്കുന്നതെന്ന് ആരോഗ്യ പ്രവർത്തകർ പറയുന്നു. രക്തപരിശോധനയ്ക്കും മറ്റും വ്യത്യസ്ത നിരക്കുകളാണ് ഓരോ ലാബും ഈടാക്കുന്നതെന്ന് ആക്ഷേപമുണ്ട്. പഞ്ചായത്തുകൾ ശരിയായ രീതിയിൽ ശുചീകരണപ്രവർത്തനങ്ങൾ നടത്താത്തതിനാൽ പ്രദേശത്തെ തോടുകളും റോഡുകളും ഓടകളും മാലിന്യം നിറഞ്ഞിരിക്കുകയാണ്. ഇത് പകർച്ചവ്യാധികൾക്ക് കാരണമാകുന്നു. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ ഉൾപ്പെടെ സർക്കാർ ആശുപത്രികളിൽ ആവശ്യത്തിനു ജീവനക്കാരില്ലാത്തത് രോഗികളെ ബുദ്ധിമുട്ടിക്കുന്നുണ്ട്.