കോവളം: പ്രളയവും രാഷ്ട്രീയ വിവാദങ്ങളും സൃഷ്ടിച്ച പ്രഹരത്തിൽ നിന്നും കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായ കോവളം സാവധാനം കര കയറുന്നു. കോവളത്ത് ഇപ്പോൾ പകലും രാത്രിയിലും തണുത്ത കാലവസ്ഥയാണ്. കേരളത്തിലേക്കുള്ള യാത്ര സുരക്ഷിതമാണെന്നും മറിച്ചുള്ള പ്രചാരണങ്ങൾക്ക് അടിസ്ഥാനമില്ലെന്നും സഞ്ചാരികൾ തന്നെ സാക്ഷ്യപ്പെടുത്തിയതോടെയാണ് കോവളം ഉണർന്നു തുടങ്ങിയത്. നിപ്പ വൈറസ് ബാധയും പ്രളയവും കേരള ടൂറിസത്തിന് സൃഷ്ടിച്ച വെല്ലുവിളി കോവളത്തിനും തിരിച്ചടിയായിരുന്നു. നവംബറിൽ സീസൺ തുടങ്ങിയപ്പോൾ ശബരിമല വിവാദവും എത്തി. ക്രിസ്‌മസ്, പുതുവത്സര ആഘോഷകാലത്ത് മുൻ വർഷങ്ങളെ ടൂറിസ്റ്റുകളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായി. തുടർച്ചയായ ഹർത്താലുകളും പ്രക്ഷോഭങ്ങളും കോവളം ടൂറിസം മേഖലയ്ക്ക് വില്ലനായി. കേരളം സുരക്ഷിതമായ ഇടമല്ലെന്ന് പല വിദേശ രാജ്യങ്ങളും തങ്ങളുടെ പൗരൻമാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. മുൻ വർഷങ്ങളെ അപേക്ഷിച്ച് ടൂറിസ്റ്റുകളുടെ വരവ് കുറഞ്ഞെങ്കിലും, പുതുവർഷം പിറന്നതിനു ശേഷം സ്ഥിതിയിൽ മാറ്റം വന്നു തുടങ്ങിയിട്ടുണ്ട്. ഹർത്താലുകളും, സമൂഹ മാധ്യമങ്ങളിലെ പ്രചരണങ്ങളും പലരുടെയും യാത്ര മുടക്കിയെങ്കിലും, കോവളത്ത് വന്ന ടൂറിസ്റ്റുകൾക്ക് ദുരനുഭവങ്ങളില്ല. വിസ ആനുകൂല്യം, കുറഞ്ഞ ചെലവ് എന്നീ ആകർഷണവുമായി ശ്രീലങ്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾ കടുത്ത മത്സരവുമായി നില്‌ക്കുന്നതും കോവളത്തിന് വെല്ലുവിളിയാണ്. അതുകൊണ്ടു തന്നെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിൽ സർക്കാർ ഉണർന്നു പ്രവർത്തിക്കണമെന്ന് ഈ മേഖലയിലുള്ളവർ പറയുന്നു. തിരിച്ചടിയിൽ നിന്നും കര കയറുന്ന കോവളത്ത് സീസൺ അവസാനിക്കുമ്പോഴേക്കും മുൻ വർഷത്തെ അപേക്ഷിച്ച് അറുപത് ശതമാനത്തോളം ടൂറിസ്റ്റുകൾ എത്തുമെന്നാണ് വിലയിരുത്തുന്നത്.