സി.പി.എം സംസ്ഥാനസമിതി ഫെബ്രുവരി 1ന്, എൽ.ഡി.എഫ് 11ന്
തിരുവനന്തപുരം:കോട്ടയം, പത്തനംതിട്ട, ചാലക്കുടി മണ്ഡലങ്ങളിൽ ഒന്ന് കിട്ടിയാൽ കൊള്ളാമെന്ന് ഇടതുമുന്നണിയിൽ പുതുതായെത്തിയ കെ. ഫ്രാൻസിസ് ജോർജിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ കേരള കോൺഗ്രസ് ആഗ്രഹിക്കുന്നു. ഇക്കാര്യം പാർട്ടി ഔദ്യോഗികമായി ഇടതുമുന്നണി നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടില്ല. ഉഭയകക്ഷി ചർച്ചയിൽ ആവശ്യപ്പെടാമെന്ന തീരുമാനത്തിലാണ്.
എം.വി. ശ്രേയാംസ് കുമാറിന്റെ ലോക്‌താന്ത്രിക് ജനതാദൾ വടകരയോ കോഴിക്കോടോ ആഗ്രഹിക്കുന്നുണ്ടെങ്കിലും ഇവരും ഔദ്യോഗികമായി ആവശ്യമുന്നയിച്ചിട്ടില്ല. ഉഭയകക്ഷി ചർച്ചയിൽ പറയാനാണ് ഇവരുടെയും തീരുമാനം.
കേരള കോൺഗ്രസ്-ബിയുമായുള്ള ലയനചർച്ചാ വേളയിൽ പത്തനംതിട്ട സീറ്റ് ചോദിച്ച എൻ.സി.പി ലയനചർച്ച പാളിയ സ്ഥിതിക്ക് ആവശ്യത്തിലുറച്ച് നിൽക്കുമോയെന്ന് വ്യക്തമല്ല. പിന്മാറിയിട്ടില്ലെന്നാണ് പാർട്ടി നേതൃത്വം പറയുന്നത്.
അതിനിടെ, തിരഞ്ഞെടുപ്പ് ചർച്ചകളിലേക്ക് കടക്കാനുള്ള സി.പി.എം സംസ്ഥാനസമിതി യോഗം ഫെബ്രുവരി രണ്ടിന് ചേരും. ഒന്നിന് സംസ്ഥാന സെക്രട്ടേറിയറ്റ് ചേരുന്നുണ്ട്. സീറ്റ് വിഭജനം സംബന്ധിച്ച ഉഭയകക്ഷി ചർച്ച സംബന്ധിച്ച ധാരണ യോഗത്തിലുണ്ടായേക്കും. ഫെബ്രുവരി 14ന് നടക്കുന്ന ഇടതുമുന്നണിയുടെ മേഖലാജാഥകളുടെ തയ്യാറെടുപ്പാണ് യോഗത്തിന്റെ മുഖ്യ അജൻഡ. സ്ഥാനാർത്ഥി നിർണയടമക്കമുള്ള കാര്യങ്ങളിലേക്ക് കടക്കാനിടയില്ലെങ്കിലും പ്രാരംഭ ചർച്ച നടന്നേക്കും.
ഫെബ്രുവരി 11ന് ഇടതുമുന്നണി യോഗവും ചേരുന്നുണ്ട്. സ്ഥാനാർത്ഥി നിർണയം ഉടനെ ആരംഭിക്കണമെന്ന് കഴിഞ്ഞ മുന്നണിയോഗത്തിൽ ആർ. ബാലകൃഷ്ണപിള്ള അഭിപ്രായപ്പെട്ടപ്പോൾ, ഇടതുമുന്നണിയുടെ രീതിയനുസരിച്ചേ കാര്യങ്ങൾ പോകൂ എന്നാണ് സി.പി.എം നേതൃത്വം മറുപടി നൽകിയത്. മേഖലാജാഥകൾ കഴിയട്ടെയെന്നും വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ തവണ
ഇടതുമുന്നണിയിൽ കഴിഞ്ഞതവണ 15 സീറ്റിൽ സി.പി.എമ്മും നാല് സീറ്റിൽ സി.പി.ഐയും ഒരിടത്ത് ജനതാദൾ-എസുമാണ് മത്സരിച്ചത്. തിരുവനന്തപുരം, മാവേലിക്കര, തൃശൂർ, വയനാട് സീറ്റുകളിലാണ് സി.പി.ഐ മത്സരിച്ചതെങ്കിലും ജയിച്ചത് തൃശൂരിൽ മാത്രമാണ്. കോട്ടയത്ത് ജനതാദൾ-എസും പരാജയപ്പെട്ടു. കോട്ടയം തുടർന്നും അവർക്ക് നൽകുമോയെന്നും ഉഭയകക്ഷി ചർച്ചയിലേ വ്യക്തമാകൂ.