പൂവാർ: തീരം വറുതിയിലായിട്ട് മാസം ഒന്നുകഴിഞ്ഞു. ഇനി കടലമ്മ കനിയുന്നതും കാത്ത് കഴിയുകയാണ് മത്സത്തൊഴിലാളികൾ. ഒരു മാസത്തോളമായി പണിക്ക് പോകാൻകഴിയാതെ നട്ടം തിരിയുകയാണ് തീരദേശവാസികൾ. പ്രദേശത്തെ മത്സ്യത്തൊഴിലാളികളിൽ കൂടുതലും വലപ്പണിക്കാരും ചൂണ്ടക്കാരുമാണ്. ഉൾക്കടലിൽ പോകുന്നവർ വളരെ കുറവാണ്. കഴിഞ്ഞ ദിവസം ബോട്ടിൽ ഉൾക്കടലിൽ പോയവർ തിരികെപ്പോന്നു. ഉൾക്കടലിലെ ശക്തമായ കാറ്റ് മത്സ്യത്തൊഴിലാളികൾക്ക് വെല്ലുവിളി ഉയർത്തുകയാണ്. കാറ്റ് ശക്തമായതോടെ മത്സ്യബന്ധനം നടത്താൻകഴിയാതെ മടങ്ങുകയാണ് ഇവിടുത്തെ തൊഴിലാളികൾ. സമൃദ്ധമായിരുന്ന തീരം ഇപ്പോൾ പട്ടിണിയുടെയും വറുതികളുടെയും നടുവിൽ നട്ടം തിരിയുകയാണ്. ധാരാളം മീനുകൾ വന്നു ചേരുമ്പോൾ
കുറഞ്ഞ വിലക്ക് വാങ്ങി ഉണക്കി സൂക്ഷിക്കുന്ന മത്സ്യതൊഴിലാളികൾ ധാരാളമുള്ള മേഖലയാണ് പള്ളം ഉൾപ്പെടുന്ന കരുംകുളം. ഐസ് മീനുകളുടെ വരവ് നിയന്ത്രണാതീതമായപ്പോൾ ഇടവക ഇടപെട്ട് പള്ളം മേഖലയിൽ ബോർഡുകൾ സ്ഥാപിച്ചു. ഇവിടെ ഐസ് മീൻ ഇറക്കാൻ പാടില്ലന്നും അങ്ങനെ ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകി. എന്നാൽ ഇവയെല്ലാം നിഷ്പ്രഭമാക്കി ഐസ് മീൻ സുലഭമാണ്.
തീരത്ത് മീൻ കിട്ടാതായതോടെ ഇവിടുത്തുകാരുടെ ആശ്രയമായത് ഉണക്കമീനുകളെയായിരുന്നു. എന്നാൽ കരുതിയിരുന്ന ഉണക്കമീനുകളും ഇതോടെ വിറ്റുതീർന്നു. ആറ് മാസത്തോളം സൂക്ഷിച്ച് വയ്ക്കാൻ കഴിയുന്ന ഉണക്കമീനുകൾ ഇപ്പോൾ തന്നെ തീർന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ പച്ചമീനിനെക്കാളും വിലയുണ്ട് ഉണക്കമീനിന്. ചില്ലറ വില്പന നടത്തി ഉപജീവനം കഴിച്ചിരുന്ന സ്ത്രീ തൊഴിലാളികളാണ് നിത്യവൃത്തിക്കായി ബുദ്ധിമുട്ടുന്നത്.
തീരത്ത് മത്സ്യബന്ധനം കുറഞ്ഞതോടെ ഇവിടെ മീൻ വാങ്ങാനെത്തുന്നവരെ ലക്ഷ്യമിട്ട് അന്യ സംസ്ഥാനങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുന്ന ഐസിട്ട മീനുകൾ സുലഭമാണ്. ചൂണ്ടയിലും മറ്റും കിട്ടുന്ന മീനുകൾ വിൽക്കാൻ പോലും കഴിയാത്ത വിധം വരവുമീനുകൾ ഇവിടെ സ്ഥാനം പിടിച്ചിരിക്കുകയാണ്. പൂവാർ, കരുംകുളം മേഖലയിലെ പള്ളം മാർക്കറ്റാണ് പ്രധാന മീൻ മാർക്കറ്റ്. ഇവിടെ വെളുപ്പിന് 4 മുതൽ ലോഡുകൾ വന്ന് തുടങ്ങും. തമിഴ്നാട്ടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമാണ് പ്രധാനമായും ഇപ്പോൾ മീൻ ലോറികൾ എത്തുന്നത്.ആഴ്ചകളോളം പഴക്കമുള്ള ഐസ് മീനുകളും ഇവിടെ ധാരാളം വരാറുണ്ട്. കളിയിക്കാവിളയും പനച്ചമൂടും മാർക്കറ്റിൽ വിറ്റഴിയാത്ത മീനുകൾ പോലും പള്ളം മാർക്കറ്റിൽ വിറ്റുപോകുമെന്നാണ് പ്രധാന ഫിഷ് മാർക്കറ്റ് ഏജന്റുമാർ പറയുന്നത്.
ഓഖിക്ക് മുൻപ് സമൃദ്ധമായിരുന്ന തീരം അതിനുശേഷം വറുതിയിലേക്ക് വീണു. തൊട്ടുപിന്നാലെ പ്രളയവും എത്തിയതോടെ തീരം മുഴുപട്ടിണിയിലായി. ദൂരെ ദേശങ്ങളിൽ നിന്നും ആളുകൾ മത്സ്യബന്ധനത്തിന് ഇവിടെ എത്തുമായിരുന്നു. എന്നാലിന്ന് ഇവിടുത്തെ മത്സത്തൊഴിലാളികൾ പട്ടിണിമാറ്റാൻ മറ്റ് തീരങ്ങളെയും തൊഴിലുകളെയും ആശ്രയിക്കുകയാണ്. ഓഖിക്ക് ശേഷം വള്ളവും മറ്റും നഷ്ടപ്പെട്ടവർക്ക് അത് വീണ്ടെടുക്കാനുള്ള സാമ്പത്തികവും ഇപ്പോഴില്ല. സർക്കാരിൽ നിന്നും പൂർണമായും നഷ്ടപരിഹാരം കിട്ടാത്തവരും ഇതിലുണ്ട്. ഇവർക്കിനി സ്വന്തമായി വള്ളമിറക്കാൻ കഴിയാത്ത അവസ്ഥയിലാണ്.