pinarayi-vijayan

തിരുവനന്തപുരം : 600 കിലോമീറ്റർ ദൈർഘ്യമുള്ള കോവളം - ബേക്കൽ ദേശീയ ജലപാത അടുത്തവർഷം പൂർത്തിയാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതോടെ കേരളത്തിലേക്ക് കൂടുതൽ ടൂറിസ്റ്റുകൾ ആകർഷിക്കപ്പെടും. കരമന - കളിയിക്കാവിള നാലു വരിപ്പാത ഒന്നാം ഘട്ടത്തിലെ രണ്ടാം റീച്ചിന്റെ നിർമ്മാണോദ്ഘാടനം പ്രാവച്ചമ്പലത്ത് നിർവഹിക്കുകയായിരുന്നു അദ്ദേഹം. ദേശീയ പാത വികസനം 45 മീറ്ററിൽ സമയബന്ധിതമായി പൂർത്തിയാക്കും. 10,000 കോടി രൂപ ചെലവിട്ടുള്ള മലയോര, തീരദേശ പാതകളും നിശ്ചിത സമയത്തിനുള്ളിൽ തീർക്കും.

കാസർകോട് മുതൽ തിരുവനന്തപുരം വരെ സെമി ഹൈസ്‌പീഡ് റെയിൽവേ ലൈൻ നിർമ്മിക്കും. ശബരിമലയിൽ വാമാനത്താവളം നിർമ്മിക്കുന്നതിനുള്ള പ്രാഥമിക പഠനം പൂർത്തിയായി. തിരുവനന്തപുരം വിമാനത്താവളം ലേലത്തിൽ പങ്കെടുത്ത് സംസ്ഥാനം സ്വന്തമാക്കും. യു.ഡി.എഫ് ഭരണകാലത്ത് ഒച്ചിഴയുന്ന വേഗതയിലാണ് കാര്യങ്ങൾ നടന്നത്. പ്രളയത്തിൽ തകർന്ന റോഡുകൾ പുനർനിർമ്മിക്കാനുള്ള നല്ല ശ്രമങ്ങളാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മന്ത്രി ജി. സുധാകരൻ അദ്ധ്യക്ഷത വഹിച്ചു. റോഡ് നിർമ്മാണത്തിന് രാജപാതയിൽ നിന്ന് ഒഴിപ്പിക്കപ്പെട്ട 22 കുടുംബങ്ങൾക്കുള്ള പുനരധിവാസ പട്ടയവിതരണം മന്ത്രി ഇ. ചന്ദ്രശേഖരൻ നിർവഹിച്ചു. കേരള റോഡ് ഫണ്ട് ബോർഡ് പ്രോജക്ട് ഡയറക്ടർ വി.വി. ബിനു റിപ്പോർട്ടവതരിപ്പിച്ചു. ഡോ. എ. സമ്പത്ത് എം.പി, കെ. ആൻസലൻ എം.എൽ.എ, സി.കെ. ഹരീന്ദ്രൻ എം.എൽ.എ, എം. വിജയകുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു തുടങ്ങിയവർ പങ്കെടുത്തു. ഐ.ബി. സതീഷ് എം.എൽ.എ സ്വാഗതവും പൊതുമരാമത്ത് ചീഫ് എൻജിനിയർ എം. അശോക് കുമാർ നന്ദിയും പറഞ്ഞു.