മലയിൻകീഴ്: വിസ നൽകാമെന്ന് പറഞ്ഞ് നിരവധി പേരിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ ദമ്പതികളായ കല്ലിയൂർ വി.ജെ.നിവാസിൽ എസ്.വിജയകുമാർ (54), ഭാര്യ എസ്.ബീന (42) എന്നിവരെ മലയിൻകീഴ് പൊലീസ് അറസ്റ്റ് ചെയ്തു. സിംഗപ്പൂർ വിസ വാഗ്ദാനം ചെയ്ത് അരുവിക്കര സ്വദേശിയിൽ നിന്ന് 2018 ഫെബ്രുവരിയിൽ 3 ലക്ഷം രൂപ വാങ്ങി വ്യാജ വിസ നൽകി കബളിപ്പിച്ച കേസ് മലയിൻകീഴ് പൊലീസ് അന്വേഷിക്കുന്നതിനിടെ മെഡിക്കൽ കോളേജിനടുത്ത് വച്ചാണ് ഇവർ പിടിയിലായത്. ഗൾഫിലായിരുന്ന വിജയകുമാർ തട്ടിപ്പ് നടത്തിയ പണം ഭാര്യയ്ക്ക് കൈമാറിയിരുന്നതായി പൊലീസ് പറഞ്ഞു. 2007-ൽ കാട്ടാക്കട സ്റ്റേഷനിലും ഇവർക്കെതിരെ പരാതിയുണ്ട്. വിളവൂർക്കലിൽ വാടകയ്ക്ക് താമസിക്കുമ്പോഴാണ് അരുവിക്കര സ്വദേശിയെ കബളിപ്പിച്ചത്. ആറ്റിങ്ങൾ പൊലീസ് സ്‌റ്റേഷനിലും ഇവർക്കെതിരെ കേസ് നിലവിലുണ്ട്. മലയിൻകീഴ് സ്റ്റേഷനിൽ ലഭിച്ച പത്ത് പരാതികളിൽ മാത്രം 6,40,000 രൂപ ഇവർ തട്ടിയെടുത്തതായി പൊലീസ് പറഞ്ഞു. എസ്.ഐ സുരേഷ്‌കുമാറിന്റെ നേതൃത്വത്തിൽ പിടികൂടിയ ദമ്പതികളെ ചോദ്യം ചെയ്തു. സംഭവം അറിഞ്ഞ് നിരവധി പേർ പരാതിയുമായി എത്തുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു.