തിരുവനന്തപുരം: ജില്ലയുടെ സ്വപ്നപദ്ധതിയായ കരമന-കളിയിക്കാവിള ദേശീയപാത നാലുവരിയായി പുനർനിർമ്മിക്കുന്നതിന്റെ ഒന്നാം ഘട്ടത്തിലെ രണ്ടാം റീച്ചിന്റെ നിർമ്മാണോദ്ഘാടനം ഇന്നലെ ഉത്സവസമാനമായ അന്തരീക്ഷത്തിൽ നടന്നു. പ്രവാച്ചമ്പലം ജംഗ്ഷന് സമീപം നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം നിർവഹിച്ചത്. സംസ്ഥാന സർക്കാർ ആയിരം ദിവസം പൂർത്തിയാക്കുന്നതിന്റെ ഭാഗമായി 10,000 കോടിയുടെ ആയിരം നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ തുടങ്ങുമെന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച മന്ത്രി ജി. സുധാകരൻ പറഞ്ഞു. പിണറായി സർക്കാരിന്റെ പ്രധാന അജണ്ട വികസനമാണ്. ഏറ്റവും നല്ല രാജാവിന്റെ കാലത്ത്പോലും ഇത്രയും വികസനം നടന്നിട്ടില്ല. സർക്കാർ തന്നെയാണ് ഈ നിർമ്മാണങ്ങൾക്ക് വേണ്ട പണം കണ്ടെത്തുന്നത്. കരമന-കളിയിക്കാവിള റോഡിന്റെ മൂന്നാം ഘട്ടത്തിന് 2159 കോടി രൂപ ചെലവഴിക്കും. കേന്ദ്രസർക്കാരിന്റെ പിന്തുണയുള്ള സംസ്ഥാനങ്ങളിൽ പോലും നടക്കാത്ത വികസനമാണ് കേരളത്തിൽ നടക്കുന്നത്. കേരളത്തിലെ എല്ലാ തീർത്ഥാടന കേന്ദ്രങ്ങളുമായും ബന്ധപ്പെട്ട റോഡുകൾ മികച്ച നിലവാരത്തിലാക്കിയിട്ടുണ്ടെന്നും ജി. സുധാകരൻ പറഞ്ഞു. നേമം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൽ. ശകുന്തള, പള്ളിച്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മല്ലികാവിജയൻ, ബാലരാമപുരം പഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്. വസന്തകുമാരി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എസ്.കെ. പ്രീജ, സി. ലതകുമാരി, പള്ളിച്ചൽ പഞ്ചായത്ത് വാർഡ് മെമ്പർ ഗീതകുമാരി, ട്രിവാൻഡ്രം സ്പിന്നിംഗ് മിൽ ചെയർമാൻ എം.എം. ബഷീർ, നേമം ബ്ളോക്ക് പഞ്ചായത്ത് അംഗം എം. വിനുകുമാർ, സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, സി.പി.ഐ ജില്ലാ സെക്രട്ടറി ജി.ആർ. അനിൽ തുടങ്ങിയവർ പങ്കെടുത്തു.