തിരുവനന്തപുരം: മരണം കവർന്നെടുത്ത ഏക മകന്റെ അവയവങ്ങൾ ആറു പേർക്കു ദാനം ചെയ്യുമ്പോൾ അവരിലൂടെ മകൻ ജീവിക്കുമല്ലോ എന്നു സമാശ്വസിക്കുകയാണ് ചെമ്പഴന്തി വലിയവിള പുതുവൽ പുത്തൻവീട്ടിൽ ജോർജ് എന്ന അശോകനും ശ്രീദേവിയും.
ഒരാഴ്ച മുമ്പ് നാലാഞ്ചിറ പാറോട്ടുകോണത്ത് ബൈക്ക് അപകടത്തിൽ പരിക്കേല്ക്കുകയും, പിന്നീട് ആശുപത്രിയിൽ മസ്തിഷ്ക മരണം സംഭവിക്കുകയും ചെയ്ത എബിയുടെ അവയവങ്ങളാണ് ആറു പേർക്ക് പുതുജീവൻ നൽകുക.കഴിഞ്ഞ 17 ന് ബൈക്കിൽ കൂട്ടുകാരൻ അഖിലിനൊപ്പം സഞ്ചരിക്കവേ ആയിരുന്നു അപകടം. സ്നേഹ ജംഗ്ഷനിൽ പൊട്ടിക്കിടന്ന കേബിളിൽ ഹെൽമറ്റ് കുരുങ്ങി സുഹൃത്ത് തെറിച്ചുവീണപ്പോൾ, എബിയുമായി മുന്നോട്ടു നീങ്ങിയ ബൈക്ക് ഓട്ടോയിൽ ഇടിക്കുകയായിരുന്നു.
മകനെ തിരികെ കിട്ടില്ലെങ്കിലും, അവന്റെ അവയവങ്ങൾ മറ്റുള്ളവർക്ക് ആശ്വാസമാകട്ടെ എന്ന ചിന്തയോടെയാണ് അശോകനും ശ്രീദേവിയും അവന്റെ അവയവങ്ങൾ ദാനം ചെയ്യാൻ തീരുമാനിച്ചത്. എബിയുടെ വൃക്കകൾ തിരുവനന്തപുരം മെഡിക്കൽ കോളേജിലും കിംസ് ആശുപത്രിയിലും ചികിത്സയിൽ കഴിയിയുന്ന രണ്ട് രോഗികൾക്കാണ് നൽകുക. കണ്ണുകൾ തിരുവനന്തപുരം കണ്ണാശുപത്രിയിൽ കഴിയുന്ന രോഗികൾക്കും കരൾ കിംസ് ആശുപത്രിയിൽ കഴിയുന്ന രോഗിക്കും വച്ചുപിടിപ്പിക്കും. എബി നാലാഞ്ചിറ മാർ ബസേലിയസ് എൻജിനിയറിംഗ് കോളേജിൽ പഠനം പൂർത്തിയാക്കിയിരുന്നു.
സംസ്ഥാന സർക്കാരിന്റെ മരണാനന്തര അവയവദാന നോഡൽ ഏജൻസിയായ കെ.എൻ.ഒ.എസിന്റെ നേതൃത്വത്തിലാണ് അവയവദാന പ്രക്രിയ ഏകോപിപ്പിച്ചത്. ഇന്ന് വീട്ടിലെത്തിക്കുന്ന മൃതദേഹം നാളെ പൗഡിക്കോണം സെന്റ് ജോസഫ് ചർച്ചിൽ സംസ്കരിക്കും.
ക്യാപ്‌ഷൻ: മരിച്ച എബി.