road-gathagathathinaayi-

കല്ലമ്പലം: പള്ളിക്കൽ പഞ്ചായത്തിലെ നവീകരിച്ച പൈവേലിക്കോണം - ഡി.വി.എൽ.പി.എസ് റോഡിന്റെ ഉദ്ഘാടനം വി. ജോയി എം.എൽ.എ നിർവഹിച്ചു. ഏറെകാലമായി തകർന്നുകിടക്കുകയായിരുന്ന ഡി.വി.എൽ.പി.എസിലേക്കുള്ള റോഡ് ഗതാഗതയോഗ്യമാക്കണമെന്നത് പ്രദേശവാസികളുടേയും അദ്ധ്യാപകരുടേയും രക്ഷിതാക്കളുടേയും ഏറെകാലമായുള്ള ആവശ്യമായിരുന്നു. വി. ജോയി എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ നിന്നുള്ള തുക വിനിയോഗിച്ചാണ് റോഡ് കോൺക്രീറ്റ് ചെയ്തത്. പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് അടുക്കൂർ ഉണ്ണി അദ്ധ്യക്ഷനായിരുന്നു. സ്ഥിരംസമിതി അദ്ധ്യക്ഷൻമാരായ എൻ. അബുത്താലിബ്, എം. നാസർഖാൻ, പഞ്ചായത്തംഗങ്ങളായ പ്രസന്ന ദേവരാജൻ, പള്ളിക്കൽ നസീർ, വാർഡംഗം ജി.ആർ ഷീജ, സി.പി.ഐ.എം ലോക്കൽ സെക്രട്ടറി സജീബ് ഹാഷിം തുടങ്ങിയവർ സംസാരിച്ചു. ഡി.വി.എൽ.പി.എസിലെ പ്രഥമാദ്ധ്യാപിക എസ്.ആർ കല സ്വാഗതവും പി.എസ് ഷീബ നന്ദിയും പറഞ്ഞു.