തിരുവനന്തപുരം:നഗരത്തിൽ ഇന്നലെ പട്ടാപ്പകൽ നായ്ക്കൂട്ടം റോഡിലേക്ക് ഇറങ്ങി നിരവധിപേരെ ആക്രമിച്ചു.വഴയില ശാസ്താക്ഷേത്രം, ഏണിക്കര ശിവക്ഷേത്രം എന്നിവയുടെ പരിസരങ്ങളിലും വഴയില ജംഗ്ഷനിലുമാണ് തെരുവ് നായ്ക്കൾ കൂട്ടത്തോടെ ഇറങ്ങിയത്. ക്ഷേത്രപൂജാരിക്കും കഴകത്തിനും അന്യസംസ്ഥാന തൊഴിലാളിക്കും അടക്കം ഇന്നലെ മാത്രം 12പേർക്ക് കടിയേറ്റു. ഇന്നലെ രാവിലെ 10 ഓടെ നാട്ടുകാരെ ഭീതിയിലാഴ്ത്തി നായ്ക്കൾ റോഡിലേക്ക് ഇറങ്ങുകയായിരുന്നു. ആക്രമണത്തിൽ തുരുത്തുമ്മൂല വാർഡ് കൗൺസിലർ വി. വിജയകുമാറിന്റെ ഭാര്യാപിതാവും ഏണിക്കര സ്വദേശിയുമായ ശിവൻകുട്ടിക്കും വഴയില ശാസ്താക്ഷേത്രത്തിലെ പൂജാരിക്കും കഴകത്തിനും കടിയേറ്റു. വഴയില ശാസ്താ നഗറിൽ റോഡ് പണി ചെയ്യുകയായിരുന്ന
ഇതരസംസ്ഥാന തൊഴിലാളിയേയും നായ്ക്കൾ കടിച്ചു. ഒടുവിൽ നാട്ടുകാർ നായ്ക്കളെ തുരത്തുകയായിരുന്നു.
പരിക്കേറ്റവർ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. നഗരസഭ നായ്ക്കളുടെ വന്ധ്യംകരണ പ്രവർത്തനത്തിൽ മെല്ലെപ്പോക്ക് സമീപനം സ്വീകരിക്കുന്നതാണ് പ്രശ്നം വഷളാക്കിയതെന്ന് വാർഡ് കൗൺസിലർ വിജയകുമാർ ആരോപിച്ചു.
എ.ബി.സി പാളി
ഇടക്കാലത്ത് കാര്യക്ഷമായി നടപ്പിലാക്കിയിരുന്ന നഗരസഭയുടെ വന്ധ്യംകരണ പദ്ധതി (എ.ബി.സി പ്രോഗ്രാം) താളം തെറ്റിയതാണ് തെരുവ്നായ്ക്കക്കൾ പെരുകാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു. പേട്ട മൃഗാശുപത്രിയിലാണ് എ.ബി.സി പ്രവർത്തനങ്ങൾ നടന്നിരുന്നത്. എന്നാൽ മൃഗാശുപത്രി കെട്ടിടം പുതുക്കി പണിയാൻ തുടങ്ങിയതോടെ വന്ധ്യംകരണ കേന്ദ്രം തിരുവല്ലം മൃഗാശുപത്രിയിലേക്ക് മാറ്റി. അടിസ്ഥാന സൗകര്യങ്ങൾ പോലും ഇല്ലാത്തിനാൽ തിരുവല്ലത്ത് വന്ധ്യംകരപ്രവർത്തനങ്ങൾ കാര്യക്ഷമമായി നടക്കുന്നില്ല. ഇതിനിടെ നിർവഹണചുമതലയുള്ള ഡോക്ടറെയും മാറ്റി.