കോട്ടയം: ബൈക്കിലെത്തിയ സംഘം കടയുടമയായ വൃദ്ധയുടെ മാല കവർന്നു. ചാത്തങ്കരി ഭഗവതി ക്ഷേത്രത്തിന് സമീപം മാടക്കട നടത്തുന്ന ചാത്തങ്കരി കളത്തിൽ ശാരദാമ്മയുടെ (78 ) ഒന്നര പവന്റെ മാലയാണ് രണ്ടംഗ സംഘം കവർന്നത്. ഇന്നലെ വൈകുന്നേരം നാലിനാണ് സംഭവം.

ബൈക്കിലെത്തിയ യുവാക്കൾ കടയിൽ കയറി സോഡ വാങ്ങിക്കുടിച്ചു. തുടർന്നാണ് വൃദ്ധയുടെ മാലപൊട്ടിച്ചെടുത്ത് ബൈക്കിൽ കയറി പെരിങ്ങര ഭാഗത്തേക്ക് കടന്നുകളയുകയായിരുന്നു. വെളുത്ത നിറത്തിലുള്ള രണ്ടു യുവാക്കളാണ് മാല കവർന്നതെന്ന് ശാരദാമ്മ പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്. തിരുവല്ല ഡിവൈ.എസ്.പി ജെ .സന്തോഷ്‌കുമാർ, പുളിക്കീഴ് എസ്.ഐ. മോഹൻബാബു എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. സമീപത്തെ സി.സി.ടി.വി കാമറകൾ പൊലീസ് പരിശോധിച്ചുവരുന്നു.