കോലഞ്ചേരി: പ്രണയാഭ്യർഥന നിരസിച്ച പെൺകുട്ടിയുടെ കവിളത്തടിച്ചവരെ കണ്ടെത്താൻ കഴിയാതെ പൊലീസ് കുഴങ്ങുന്നു. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ ഒൻപത് മണിയോടെ വളയൻചിറങ്ങരയിലാണ് സംഭവം. ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെയാണ് ബൈക്കിലെത്തിയ സംഘം കവിളത്തടിച്ചത്. പെൺകുട്ടി നടന്ന് വരുന്നത് കണ്ട സംഘത്തിലൊരാൾ പ്രണയാഭ്യർഥന നടത്തുകയും പെൺകുട്ടി നിരസിച്ചതോടെ കവിളത്തടിക്കുകയുമായിരുന്നു. മുൻപരിചയമില്ലാത്ത സംഘത്തിന്റെ ആക്രമണത്തിൽ ഭയന്ന് നിലവിളിച്ച് ക്ലാസിലെത്തിയ വിദ്യാർത്ഥിനിയോട് അദ്ധ്യാപകർ വിവരം തിരക്കിയെങ്കിലും സ്കൂൾ അധികൃതർ പരാതി നൽകാൻ തയ്യാറായില്ലെന്ന് ആക്ഷേപമുണ്ട്.
പിന്നീട് രക്ഷിതാക്കളാണ് പൊലീസിൽ പരാതി നൽകിയത്. വിജനമായ ഈ വഴിയിൽ വച്ച് സ്‌കൂളിലെ ഒമ്പതാം ക്ലാസ്, പ്ലസ് വൺ വിദ്യാർത്ഥിനികൾക്കു നേരെയും സമാനമായ ആക്രമണം നടന്നതായി പറയുന്നു. കേസിൽ പ്രതികളെ തിരിച്ചറിയാൻ പറ്റുന്ന തെളിവുകളില്ലെന്നാണ് പൊലീസ് പറയുന്നത്.