ന്യൂഡൽഹി: പുതിയ സി.ബി.ഐ മേധാവിയെ തിരഞ്ഞെടുക്കാൻ സെലക്ഷൻ സമിതി ചർച്ച ചെയ്ത പട്ടികയിൽ കേരള ഡി.ജി.പി ലോക്‌നാഥ് ബെഹ്റയുടെ പേരും. 1985 ബാച്ച് ഉദ്യോഗസ്ഥരുടെ പട്ടികയിലാണ് ബെഹ്റയുടെ പേരും ഉൾപ്പെടുത്തിയത്. 79 പേരുകളാണ് ഇന്നലെ ചേർന്ന സെലക്ഷൻ സമിതി ചർച്ച ചെയ്തത്.
അതേസമയം ഇന്നലെ ചേർന്ന സെലക്ഷൻ സമിതി യോഗം മേധാവിയുടെ കാര്യത്തിൽ തീരുമാനമാകാതെ പിരിഞ്ഞിരുന്നു.
സീനിയോറിറ്റി, പരിചയസമ്പത്ത്, അഴിമതി വിരുദ്ധ കേസുകൾ കൈകാര്യം ചെയ്തതിലെ പ്രാവിണ്യം, സിബിഐയിലും സമാനമായ ചുമതലകൾ വഹിച്ചതിലുമുള്ള മികവ് എന്നിവ പരിഗണിച്ചാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്.
1983, 84,85 കാലത്തെ ഐ.പി.എസ് ഉദ്യോഗസ്ഥരേയാണ് സി.ബി.ഐ ഡയറക്ടർ സ്ഥാനത്തേക്ക് പരിഗണിച്ചിരിക്കുന്നത്. പ്രധാനമന്ത്രി കൂടി അദ്ധ്യക്ഷനായ പ്രത്യേക സമിതിയാണ്. വിഷയത്തിൽ അന്തിമ തീരുമാനം എടുക്കുക
സി.ബി.ഐയിലെ തർക്കങ്ങളെ തുടർന്ന് കേന്ദ്രസർക്കാർ ഡയറക്ടർ അലോക് വർമ്മയെയും സ്പെഷ്യൽ ഡയറക്ടർ രാകേഷ് അസ്താനയെയും ചുമതലകളിൽ നിന്ന് മാറ്റി നിർത്തിയിരുന്നു. പിന്നീട് ഇത് ചോദ്യം ചെയ്ത് അലോക് വർമ്മയെ സുപ്രീം കോടതിയെ സമീപിക്കുകയും ഡയറക്ടർ സ്ഥാനത്ത് തുടരണമെന്ന് വിധിക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് പ്രധാനമന്ത്രി അദ്ധ്യക്ഷനായ സമിതി വീണ്ടും അലോക് വർമ്മയെ പുറത്താക്കുകയായിരുന്നു.