വെമ്പായം: പഞ്ചായത്തിലെ പ്രധാന തോടായ വേറ്റിനാട് മണ്ഡപം തോട്ടിലേക്ക് മാലിന്യവും, പ്ലാസ്റ്റിക്കും തള്ളുന്നവർക്ക് എതിരെ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഒന്നരക്കിലോമീറ്ററോളം റോഡിന് സമാന്തരം ആയി ഒഴുകുന്ന ഈതോടിൽ രാത്രി കാലങ്ങളിൽ മാലിന്യം തള്ളുന്നതായി ആക്ഷേപമുണ്ട്. പ്രദേശത്തെ തെരുവ് വിളക്കുകൾ കത്താത്തത് മാലിന്യം നിക്ഷേപിക്കാൻ വരുന്നവർക്ക് അനുഗ്രഹമായിരിക്കുകയാണ്. കഴിഞ്ഞ വർഷത്തെ ഗാന്ധിജയന്തി ദിനത്തിൽ കണക്കോട് മുതൽ വേറ്റിനാട് മണ്ഡപം, പെരുങ്കൂർ, കൊഞ്ചിറ വരെയുള്ള തോടുകളുടെ നവീകരണ പ്രവർത്തനങ്ങൾ ഹരിത കേരള മിഷനും, സംസ്ഥാന ഭൂവിനിയോഗ ബോർഡും, ശാസ്ത്രസാഹിത്യ പരിഷത്തും, വെമ്പായം ഗ്രാമപഞ്ചായത്തും സംയുക്തമായി പുനർജനി പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തിയിരുന്നു. തുടർന്ന് തോട്ടിലെ ജലം സുഗമമായി ഒഴുകിയിരുന്നു. കുടിവെള്ള ക്ഷാമമുള്ള പ്രദേശം ആയതിനാൽ ദിനം പ്രതിയുള്ള ആവശ്യങ്ങൾക്ക് ജനങ്ങൾ ഈ തോടിനെയാണ് ആശ്രയിക്കുന്നത്. പൊതു ജലാശയങ്ങളിൽ മാലിന്യം തള്ളുന്നത് ക്രിമിനൽ കുറ്റമായിട്ടും ഇവിടെ മാലിന്യം തള്ളുന്നവർക്ക് എതിരെ നടപടി എടുക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. ജലാശയങ്ങൾ മലിനമാക്കുന്നവർക്ക് എതിരെ പൊലീസും തദ്ദേശ സ്ഥാപനങ്ങളും നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.