തിരുവനന്തപുരം: ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം നിരാശാ ജനകമാണെന്നും കഴിഞ്ഞ യു.ഡി.എഫ് സർക്കാർ നടപ്പാക്കിയ പദ്ധതികളുടെ ഉടമസ്ഥാവകാശം ഏറ്റെടുക്കുക മാത്രമേ ചെയ്തിട്ടുള്ളൂവെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
വ്യക്തമായ പദ്ധതികളോ ദിശാബോധമോ നയപ്രഖ്യാപനത്തിലില്ല. പ്രളയ ദുരന്തമുണ്ടായി ആറുമാസം കഴിഞ്ഞിട്ടും ചർച്ചകൾ മാത്രമാണ് നടക്കുന്നത്. സംസ്ഥാനത്തിന്റെ പുനർനിർമ്മാണത്തിന് പണം എവിടെ നിന്ന് കണ്ടെത്തുമെന്ന് പറയുന്നില്ല. സമഗ്രമായ പദ്ധതിയുടെ പ്രഖ്യാപനമാണ് പ്രതീക്ഷിച്ചത്. പക്ഷേ അതുണ്ടായില്ല. ശബരിമല വിഷയത്തിൽ ഗവർണറെക്കൊണ്ട് സർക്കാർ രാഷ്ട്രീയം പറയിച്ചു. യു.ഡി.എഫ് ഭരണകാലത്ത് 50 മുതൽ 80 ശതമാനംവരെ പൂർത്തിയാക്കിയ പദ്ധതികളാണ് സർക്കാരിന്റെ നേട്ടമായി പറയുന്നത്.
പ്രളയത്തിൽ നാശനഷ്ടം നേരിട്ട വ്യാപാരികൾക്ക് 10 ലക്ഷത്തിന്റെ വായ്പ പ്രഖ്യാപിച്ചെങ്കിലും ഒന്നും നൽകിയില്ല. ആദിവാസി കുടുംബങ്ങളിലെ അംഗങ്ങൾക്ക് ജോലി പ്രഖ്യാപനവും നടപ്പായില്ല. ആദിവാസി വിഭാഗക്കാരനായ മധുവിനെ ആൾക്കൂട്ടം കൊലപ്പെടുത്തി ഒരു വർഷം കഴിഞ്ഞിട്ടും സ്പെഷ്യൽ പ്രോസിക്യൂട്ടറെ പോലും നിയമിച്ചില്ല. പൊലീസിൽ 15 ശതമാനം വനിതാസംവരണം നടപ്പാക്കുമെന്ന് പറഞ്ഞതും ആവർത്തനമാണ്. കഴിഞ്ഞ തവണ ഇത് 25 ശതമാനമെന്നാണ് പ്രഖ്യാപിച്ചത്.
സർക്കാർ മിഷനുകൾ കൊണ്ട് ചെറിയാൻ ഫിലിപ്പിന്റെയും ടി.എൻ.സീമയുടെയും തൊഴിലില്ലായ്മയ്ക്ക് പരിഹാരമായതാണ് ഏക പ്രയോജനം. പ്രവാസി ചിട്ടി എവിടെപ്പോയി?. കാർഷിക മേഖലയെ പാടേ അവഗണിച്ചു. തിരുവനന്തപുരം - കോഴിക്കോട് ലൈറ്റ്മെട്രോ പദ്ധതി എവിടെപ്പോയെന്ന് അറിയില്ലെന്നും ചെന്നിത്തല പറഞ്ഞു.
ചീഫ് ജസ്റ്രിസായിരുന്ന വ്യക്തിയെക്കൊണ്ട് സർക്കാർ അസത്യങ്ങൾ പറയിക്കരുതായിരുന്നെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ. മുനീർ പറഞ്ഞു. മോൻസ് ജോസഫ്, അനൂപ് ജേക്കബ് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.