കേന്ദ്രത്തിന് വിമർശനം
തിരുവനന്തപുരം: നവകേരള നിർമ്മാണം, ശബരിമല യുവതീപ്രവേശന വിധിയോടുള്ള സർക്കാരിന്റെ പ്രതിജ്ഞാബദ്ധത, നവോത്ഥാന മൂല്യസംരക്ഷണം എന്നിവ അടിവരയിട്ടും കേന്ദ്ര സർക്കാരിനെ ശക്തമായി വിമർശിച്ചും പ്രളയാനന്തര കേരളത്തിന്റെ നയപ്രഖ്യാപനം ഗവർണർ പി. സദാശിവം നടത്തിയതോടെ നിയമസഭയുടെ പതിന്നാലാം സമ്മേളനത്തിന് തുടക്കമായി.
ആരോഗ്യ, വിദ്യാഭ്യാസ, സാമൂഹ്യക്ഷേമ മേഖലകളിൽ കൈവരിച്ച നേട്ടങ്ങൾക്ക് സംസ്ഥാനത്തിന് ശിക്ഷ ഏറ്റുവാങ്ങേണ്ടിവന്നത് ദൗർഭാഗ്യകരമാണെന്ന് ഗവർണർ പറഞ്ഞു. ഈ മേഖലകളിൽ സംസ്ഥാനം നേട്ടങ്ങൾ കൈവരിച്ചപ്പോൾ കേന്ദ്രം തുടർന്ന് സഹായം നൽകേണ്ടെന്ന് തീരുമാനിച്ചു. അർഹമായ വിഹിതം നിഷേധിച്ചതിന്റെ മാനദണ്ഡമെന്തെന്ന് മനസിലാവുന്നില്ല. നമ്മുടെ നേട്ടങ്ങൾ ഇപ്പോൾ നേരിടേണ്ടിവരുന്ന നഷ്ടങ്ങൾക്ക് കാരണമാകരുത്. കേന്ദ്ര- സംസ്ഥാന ബന്ധം ഉടച്ചുവാർക്കണം.
ഒന്നര മണിക്കൂർ നീണ്ട പ്രസംഗത്തിൽ നവകേരള നിർമ്മാണത്തിന്റെ ലക്ഷ്യങ്ങളും നവോത്ഥാനമൂല്യ സംരക്ഷണത്തിന്റെ പ്രാധാന്യവും എടുത്തു പറഞ്ഞു. പ്രളയത്തിൽ രക്ഷാപ്രവർത്തനത്തിലേർപ്പെട്ട സേനകളെയും മത്സ്യത്തൊഴിലാളികളെയും സാലറി ചലഞ്ചിൽ പങ്കെടുത്തവരെയും അഭിനന്ദിച്ചു. വനിതാ മതിലിനെ പ്രകീർത്തിച്ചു.
പ്രസംഗം തുടങ്ങും മുമ്പ്, പ്രളയബാധിതരോട് നീതി കാണിക്കണം എന്നാവശ്യപ്പെടുന്ന ബാനർ ഉയർത്തി പ്രതിപക്ഷം ബഹളം വച്ചു. എന്റെ പ്രസംഗം ശ്രദ്ധിക്കൂ, അതിൽ എല്ലാത്തിനും മറുപടിയുണ്ടെന്ന് പറഞ്ഞ് ഗവർണർ പ്രതിപക്ഷത്തെ ഇരുത്തി. പ്രസംഗത്തിന്റെ പല ഭാഗങ്ങളെയും ഭരണപക്ഷം കൈയടിച്ച് പ്രോത്സാഹിപ്പിച്ചപ്പോൾ ചില ഭാഗങ്ങളിൽ പ്രതിപക്ഷനിരയിൽ നിന്ന് പ്രതിഷേധമുയർന്നു.
നവകേരള നിർമ്മാണത്തിൽ കിഫ്ബി വഴി 41,000 കോടിയുടെ പദ്ധതികൾ ഇതിനകം ഏറ്റെടുത്തു. അമ്പതിനായിരം കോടി രൂപയുടെ പദ്ധതി നടപ്പാക്കും. കൊല്ലം ബൈപ്പാസ്, കണ്ണൂർ വിമാനത്താവളം, കൊച്ചി- ഇടമൺ വൈദ്യുതി ലൈൻ, ജലപാതകളുടെ ഉദ്ഘാടനം എന്നിവ സർക്കാരിന്റെ നേട്ടങ്ങളാണ്. ശബരിമല വിമാനത്താവളത്തിന് നടപടി ആരംഭിച്ചതായും അറിയിച്ചു.
രാവിലെ 9ന് സഭയിലെത്തിയ ഗവർണറെ മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, പാർലമെന്ററികാര്യ മന്ത്രി എ.കെ. ബാലൻ, ചീഫ്സെക്രട്ടറി ടോം ജോസ് എന്നിവർ ചേർന്ന് സ്വീകരിച്ചാനയിച്ചു. 9.05നാണ് പ്രസംഗം ആരംഭിച്ചത്. തുടക്കവും ഒടുക്കവും മലയാളം പറഞ്ഞ ഗവർണറെ ചില മലയാളം വാക്കുകൾ വലയ്ക്കുകയും ചെയ്തു.