ജില്ലാ, ബ്ളോക്ക്, പഞ്ചാ. വിദ്യാഭ്യാസ ഒാഫീസുകൾ വരും
ഡി.ഡി, ഡി.ഇ.ഒ, എ.ഇ.ഒ ഒാഫീസുകൾ ഇല്ലാതാവും
തിരുവനന്തപുരം: ഒന്ന് മുതൽ പന്ത്രണ്ട് വരെ ക്ലാസുകളുടെ നിയന്ത്രണവും ഏകോപനവും ഒരു ഡയറക്ടറേറ്റിന് കീഴിലാക്കണമെന്ന വിദഗ്ദ്ധസമിതിയുടെ ശുപാർശ അടുത്ത അദ്ധ്യയന വർഷം മുതൽ നടപ്പാക്കും. പൊതുവിദ്യാഭ്യാസ, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഡയക്ടറേറ്റുകൾ ലയിപ്പിച്ച് ഡയറക്ടറേറ്റ് ഒഫ് സ്കൂൾ എഡ്യൂക്കേഷൻ (ഡി.എസ്.ഇ) എന്ന പേരിലാവും ഡയറക്ടറേറ്റ്.
റിപ്പോർട്ട് സർക്കാർ അംഗീകരിക്കുന്നതോടെ നടപടികൾ ആരംഭിക്കുമെന്ന് മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് കേരളകൗമുദിയോട് പറഞ്ഞു. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ( ഡി.ഡി) ഡി.ഇ.ഒ, എ.ഇ.ഒ ഒാഫീസുകൾ ഇല്ലാതാവും. പകരം, എല്ലാ ജില്ലയിലും ജോയിന്റ് ഡയറക്ടറുടെ നേതൃത്വത്തിൽ ജില്ലാ വിദ്യാഭ്യാസ ഒാഫീസുകൾ വരും. കോർപറേഷൻ, മുനിസിപ്പൽ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് തലങ്ങളിലും സ്കൂൾ വിദ്യാഭ്യാസ ഒാഫീസർമാർ വേണമെന്ന ശുപാർശയും നടപ്പാക്കും.
പരീക്ഷാഭവനും ഇനി ഒന്ന്
എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ തലത്തിൽ മൂന്ന് ഡയറക്ടറേറ്റുകൾക്ക് കീഴിൽ പ്രവർത്തിച്ചു വരുന്ന പരീക്ഷാഭവനുകളും അടുത്ത വർഷം മുതൽ ഒന്നാവും. ബോർഡ് ഒഫ് സ്കൂൾ എക്സാമിനേഷൻസ് കേരളം എന്നാവും പേര്.
ഹെഡ്മാസ്റ്റർ ഇല്ല
സ്കൂളുകളിൽ ഹെഡ്മാസ്റ്റർ തസ്തിക ഇല്ലാതാവും. പകരം, ഹയർ സെക്കൻഡറി മുതൽ ലോവർ പ്രൈമറി വരെ പ്രിൻസിപ്പൽ തസ്തികയാണ്. വൈസ് പ്രിൻസിപ്പൽ തസ്തികയ്ക്കും ശുപാർശയുണ്ട്. പ്രിൻസിപ്പൽ മേധാവിയാവുകയും ഹെഡ്മാസ്റ്റർ തസ്തിക ഇല്ലാതാവുകയും ചെയ്യുന്നതോടെ ഹയർ സെക്കൻഡറി സ്കൂളുകളിൽ നിലനിൽക്കുന്ന അധികാര തർക്കത്തിനും പരിഹാരമാവും. അറ്റൻഡറുടെയും ക്ളാർക്കിന്റെയും സേവനം ഇനി ഹയർ സെക്കൻഡറിക്കും ലഭിക്കും.
എൽ.പി, യു.പി. എച്ച്.എസ് സംവിധാനവും മാറും. ഒന്ന് മുതൽ ഏഴ് വരെ പ്രൈമറിയും 8, 9, 10 ക്ലാസുകൾ സെക്കൻഡറിയുമാവും.
യോഗ്യത ഉയർത്തൽ ഘട്ടംഘട്ടമായി
പ്രൈമറി, സെക്കൻഡറി തലങ്ങളിൽ അദ്ധ്യാപക യോഗ്യത ഉയർത്തണമെന്ന ശുപാർശ നിലവിലുള്ളവർക്ക് ബാധകമാക്കില്ല. പ്രൈമറി സ്കൂളിൽ പ്ലസ് ടുവും ടി.ടി.സിയും, ഹൈസ്കൂളിൽ ബിരുദവും ബി.എഡുമാണ് ഇപ്പോൾ അടിസ്ഥാന യോഗ്യത. ബിരുദവും ബിരുദ തലത്തിലുള്ള പ്രൊഫഷണൽ യോഗ്യതയും പ്രൈമറിക്കും, ബിരുദാനന്തര ബിരുദവും ബിരുദ തലത്തിലുള്ള പ്രൊഫഷണൽ യോഗ്യതയും സെക്കൻഡറിക്കും വേണെന്നാണ് ശുപാർശ. ഇത് ഘട്ടംഘട്ടമായി അടുത്ത പത്ത് വർഷത്തിനകം നടപ്പാക്കും.
അദ്ധ്യാപക യോഗ്യത പരിഷ്കരിക്കുന്നതിന് ദേശീയ സ്കൂൾ അദ്ധ്യാപക പരിശീലന കൗൺസിലിന്റെ (എൻ.സി.ടി.ഇ) അനുമതിയും വേണം. 50 ശതമാനം മാർക്കോടെ പ്ലസ് ടുവും നാല് വർഷത്തെ ബാച്ചിലർ ഒഫ് എലിമെന്ററി എഡ്യൂക്കേഷൻ ബിരുദവുമാണ് പ്രൈമറി സ്കൂൾ അദ്ധ്യാപകർക്ക് എൻ.സി.ടി.ഇ നിഷ്കർഷിക്കുന്ന യോഗ്യത. ടി.ടി.സി കോഴ്സിന്റെ പ്രസക്തി ഇല്ലാതാക്കുന്നതാണ് പരിഷ്കാരം.