കുടുംബത്തിൽ ഒരു നല്ല കാര്യം നടക്കുമ്പോൾ മുഖംതിരിഞ്ഞുനിൽക്കുന്ന ചില ബന്ധുക്കൾ എല്ലായിടത്തും കാണും. മുന്നണി രാഷ്ട്രീയത്തിലും കാണാം ഇതുപോലുള്ള മുഖംവീർപ്പിക്കൽ. സർക്കാരിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന പരിപാടികളിൽ ക്ഷണിച്ചില്ലെന്നോ ക്ഷണം വേണ്ടപോലെ ആയില്ലെന്നോ കുറ്റപ്പെടുത്തി പ്രതിപക്ഷത്തുള്ളവർ ബഹിഷ്കരിച്ച് മാറിനിൽക്കുന്നത് പതിവായിട്ടുണ്ട്. ഇപ്പോൾ ബഹിഷ്കരണവുമായി മുന്നോട്ടുവരുന്നവർ ഭരണത്തിലിരുന്നപ്പോൾ ഇൗ ദുഷ്‌പ്രവണത പുറത്തെടുത്തിരുന്നത് അന്ന് പ്രതിപക്ഷത്തുള്ളവരായിരുന്നു. സർക്കാർ നടപ്പാക്കുന്ന വികസന പദ്ധതികൾ ജനക്ഷേമം മുൻനിറുത്തിയുള്ളതാകയാൽ അതിൽ രാഷ്ട്രീയം കലർത്താതിരിക്കുകയാവും നല്ലത്.
ഏത് പദ്ധതിയുടെയും ഗുണഭോക്താക്കൾ ഇൗ നാടും അതിലെ വിവിധ ജനവിഭാഗങ്ങളുമാണ് . അധികാരത്തിലിരിക്കുന്ന ഒരു ജനകീയ സർക്കാരിന്റെ ചുമതലയാണ് ജനങ്ങൾക്കാവശ്യമായ വികസന പദ്ധതി ഏറ്റെടുത്ത് നടപ്പാക്കൽ. സങ്കുചിത താത്പര്യങ്ങൾ വച്ചുകൊണ്ട് അതിന് തടസം സൃഷ്ടിക്കുന്നതും തള്ളിപ്പറയുന്നതും വില കുറഞ്ഞ ഏർപ്പാടാണ്. വികസന പദ്ധതികളുടെ കാര്യത്തിൽ രാഷ്ട്രീയം മറന്നും സർവാത്മനാ സഹകരിക്കുകയെന്നതാകണം ജനങ്ങളോട് ഉത്തരവാദിത്വമുള്ള ഏതൊരു രാഷ്ട്രീയ കക്ഷിയുടെയും കർത്തവ്യം.
പത്തുവർഷം മുൻപേ പണി ആരംഭിച്ച കരമന-കളിയിക്കാവിള ദേശീയപാത വികസനത്തിന്റെ രണ്ടാംഘട്ട നിർമ്മാണ ജോലികളുടെ ഉദ്ഘാടനച്ചടങ്ങ് വ്യാഴാഴ്ച വൈകിട്ട് നടന്നത് വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിലാണ്. പ്രാവച്ചമ്പലം മുതൽ ബാലരാമപുരം കൊടിനടവരെയുള്ള അഞ്ചുകിലോമീറ്ററാണ് മുപ്പതുമീറ്റർ വീതിയിൽ വിപുലപ്പെടുത്തി നവീകരിക്കുന്നത്. ഒന്നരവർഷമായി ടെണ്ടർ എടുക്കാൻ ആളെ കിട്ടാതെ മുടങ്ങിപ്പോയ ഇൗ പദ്ധതി വല്ലവിധേനയും ജീവൻവച്ചു വന്നതിൽ നാട്ടുകാരാകെ അതിയായ സന്തോഷത്തിലാണ്. അതിന്റെ തെളിവാണ് നിർമ്മാണ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കാനെത്തിയ അഭൂതപൂർവമായ ജനസഞ്ചയം. തിരുവനന്തപുരത്തുനിന്ന് തെക്കോട്ട് ഒരിക്കലെങ്കിലും ഇൗ പാതയിലൂടെ യാത്ര ചെയ്തിട്ടുള്ള ആരും തങ്ങളുടെ ദുസഹമായ യാത്രാനുഭവം മറക്കുകയില്ല. അത്രയധികം മനസുമടിപ്പിക്കുന്നതും ക്ളേശകരവുമാണ് ഇൗ റോഡിലെ ഗതാഗത തടസങ്ങൾ. പാതവികസനം പൂർത്തിയാകുന്നതുകാണാൻ ജനങ്ങൾ ഒന്നാകെ അക്ഷമരായി കാത്തിരിപ്പ് തുടങ്ങിയിട്ട് വർഷങ്ങളായി. കരമന മുതൽ പ്രാവച്ചമ്പലം വരെയുള്ള അഞ്ചുകിലോമീറ്റർ വികസനം പൂർത്തിയായത് യു.ഡി.എഫ് സർക്കാരിന്റെ കാലത്താണ്. അതിനും വേണ്ടിവന്നു ആവശ്യത്തിലേറെ കാലം. പാതവികസനം രണ്ടാംഘട്ടത്തിന്റെ നിർമ്മാണ ഉദ്ഘാടനച്ചടങ്ങിൽ നിന്ന് യു.ഡി.എഫ് നേതാക്കൾ വിട്ടുനിൽക്കുകയാണുണ്ടായത്. ചടങ്ങിലേക്ക് പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ളവരെ ക്ഷണിച്ചില്ലെന്ന് ആക്ഷേപമുന്നയിച്ചു കൊണ്ടാണ് ഇൗ ബഹിഷ്കരണം. ഇതിന്റെ സത്യാവസ്ഥ എന്തെന്ന് ഞങ്ങൾക്കറിയില്ല. സർക്കാർ ചടങ്ങാകുമ്പോൾ അതിന് ചുമതലപ്പെട്ട ഉദ്യോഗസ്ഥർക്ക് സാധാരണഗതിയിൽ തെറ്റുപറ്റാൻ വഴിയില്ലാത്തതാണ്. ചടങ്ങിൽ നിന്ന് പ്രതിപക്ഷ നേതാക്കളെ ഒഴിവാക്കുന്നതിലൂടെ സർക്കാരിന് പ്രത്യേകിച്ചൊന്നും നേടാനുമില്ല. വാസ്തവസ്ഥിതി ജനങ്ങളെ അറിയിക്കാൻ ചുമതലപ്പെട്ടവർക്ക് ബാദ്ധ്യതയുണ്ട്.
പാതനിർമ്മാണ ഉദ്ഘാടനം ആസന്നമായ ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള നാടകമാണെന്നും മറ്റുമുള്ള ആരോപണം ബാലിശമെന്നു മാത്രമല്ല, തീരെ വിലകുറഞ്ഞതുമാണ്. എത്രയോ നാളായി ജനങ്ങൾ കാത്തിരിക്കുന്ന ഒരു വികസന പദ്ധതിയാണിത്. പാതയ്ക്കിരുവശവുമുള്ള നാട്ടുകാർ മാത്രമല്ല, തിരുവനന്തപുരത്തുനിന്ന് കന്യാകുമാരിയിലേക്കുള്ള വാഹനയാത്രക്കാർ ഒന്നടങ്കം കാത്തിരിക്കുന്ന വികസന പദ്ധതിയാണിത്. ഭരണാധികാരികൾ കാലാകാലം കാണിച്ച അലംഭാവമാണ് ദീർഘനാളായി ഇത് ഇങ്ങനെതന്നെ കിടക്കാൻ കാരണമെന്ന് മറക്കരുത്. ഭരണം നഷ്ടപ്പെട്ട് പ്രതിപക്ഷത്തായപ്പോൾ എന്തിലും ഏതിലും കുറ്റം കാണുന്നവർക്കുമുണ്ട് ഇതിലൊക്കെ ഉത്തരവാദിത്വം. പ്രതിപക്ഷനേതാവും എം.പിയും എം.എൽ.എയുമൊക്കെ ചടങ്ങ് ബഹിഷ്കരിച്ചെങ്കിലും ജനപങ്കാളിത്തം കൊണ്ട് ആവേശഭരിതമായ അന്തരീക്ഷത്തിലാണ് അത് നടന്നതെന്നത് നിസാരമായി കാണരുത്. തിരഞ്ഞെടുപ്പിലൂടെ ഭരണാധികാരികൾ മാറിവരും. എന്നാൽ ഭരണമെന്നത് തുടർപ്രക്രിയയാണ്. നാടിനും ജനങ്ങൾക്കും വേണ്ടത് ചെയ്യാനാണ് ഏത് സർക്കാരും ശ്രമിക്കുന്നത്. പാതവികസനം പോലുള്ള അടിസ്ഥാന സൗകര്യവികസന പദ്ധതികളുടെ കാര്യത്തിൽ രാഷ്ട്രീയം കലർത്തുന്നതും കുശുമ്പുകാണിക്കുന്നതും ജനാഭിലാഷത്തിനെതിരാണ്. ദേശീയ പാത വികസനം ഉൾപ്പെടെ നിർണായകമായ പല പദ്ധതികൾക്കും അന്തകരായത് കക്ഷി രാഷ്ട്രീയക്കാർ തന്നെയാണ്. ജനതാത്പര്യം മനസിലാക്കി അവർ സന്ദർഭത്തിനൊത്ത് ഉയർന്നിരുന്നുവെങ്കിൽ എന്നേ ഇവിടെ അത്‌ഭുതങ്ങൾ സംഭവിക്കുമായിരുന്നു. കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള ദേശീയ പാതവികസന പദ്ധതിയുടെ ടെണ്ടർ നടപടികൾ ആകുന്നതേയുള്ളൂ .പതിറ്റാണ്ടുകളായി കേട്ടുകൊണ്ടിരിക്കുന്ന കാര്യങ്ങളാണിതൊക്കെ. ഇവിടെ മാത്രം വികസന പദ്ധതികൾ മുന്നോട്ടുകൊണ്ടുപോകാത്തതെന്തുകൊണ്ടെന്ന് ജനനേതാക്കൾ ആത്മപരിശോധന നടത്തണം.