തിരുവനന്തപുരം:ഐ. എസ്. ആർ ഒയുടെ പടക്കുതിരയായ പി. എസ്. എൽ.വി റോക്കറ്റ് ഭാരം കുറച്ചും വേഗത കൂട്ടിയും പരിഷ്‌കരിച്ച ഡി. എൽ പതിപ്പിന്റെ കന്നി വിക്ഷേപണം വൻ വിജയമായി. രണ്ട് ഉപഗ്രഹങ്ങളെ കൃത്യമായ ഭ്രമണപഥത്തിൽ
എത്തിച്ചതിന് പുറമേ റോക്കറ്റിന്റെ നാലാം ഘട്ടം ഭ്രമണപഥത്തിൽ പരീക്ഷണങ്ങൾ നടത്താനുള്ള ഒരു പ്ലാറ്റ്ഫോമാക്കാനുള്ള ശ്രമവും വിജയകരമായി.
പ്രതിരോധ ഗവേഷണ സ്ഥാപനത്തിന്റെ മൈക്രോസാറ്റ് - ആർ, കുട്ടികളുടെ ഉപഗ്രഹമായ കലാംസാറ്റ് വി. 2. എന്നീ ഉപഗ്രഹങ്ങളാണ് വ്യാഴാഴ്ച രാത്രി 11. 30ന് ശ്രീഹരിക്കോട്ടയിൽ നിന്ന് ഡി. എൽ. റോക്കറ്റിൽ വിക്ഷേപിച്ചത്. രണ്ടു ഉപഗ്രഹങ്ങളും വ്യത്യസ്ത ഭ്രമണപഥങ്ങളിൽ കൃത്യമായി എത്തിച്ച് 46-ാം വിക്ഷേപണത്തിലും പി. എസ്. എൽ.വി. വിശ്വാസ്യത തെളിയിച്ചു.
കൃത്യം 13.26 മിനിറ്റിൽ 274 കിലോമീറ്റർ മേലെയുള്ള ഭ്രമണപഥത്തിൽ മൈക്രോസാറ്റിനെ എത്തിച്ചു. സാധാരണ 19 മിനിറ്റെടുക്കുന്ന വിക്ഷേപണം ആറ് മിനിറ്റോളം നേരത്തേ പൂർത്തിയായി. ബാംഗ്ളൂരിലെ സാറ്റലൈറ്റ് ടെലിമെട്രിക് സ്റ്റേഷനിൽ സിഗ്നൽ കിട്ടിയതോടെ വിക്ഷേപണം അനായാസവും വേഗത്തിലുമാണെന്ന് തെളിഞ്ഞു.
പിന്നീട് ഉപഗ്രഹങ്ങൾ ബഹിരാകാശത്തെത്തിക്കുന്ന റോക്കറ്റിന്റെ പി.എസ്. 4 എന്ന ഭാഗം ഉപയോഗിച്ചുള്ള പരീക്ഷണമായിരുന്നു. ഇതിനായി വിദ്യാർത്ഥികളുടെ കലാംസാറ്റ് വി.2 എന്ന കുഞ്ഞൻ ഉപഗ്രഹമാണ് ഉപയോഗിച്ചത്. ഭൂമിയെ ഒരുവട്ടം ചുറ്റി രണ്ടുതവണ എൻജിൻ അണച്ചും പിന്നീട് എരിച്ചും 453 കിലോമീറ്റർ മേലെയുള്ള കൃത്യമായ ഭ്രമണപഥത്തിലാണ് കലാംസാറ്റിനെ എത്തിച്ചത്. ഇൗ ഉപഗ്രഹത്തെ ഇനി ഉയർത്തുകയോ, ഭ്രമണപഥം ശരിയാക്കുകയോ വേണ്ട.
മാലിന്യമാകാതെ നാലാംഘട്ടം
സാധാരണ റോക്കറ്റിന്റെ പി.എസ്. 4 ഭാഗം ആറുമാസം ഭൂമിയെ വെറുതെ വലംവെയ്ക്കും. പിന്നീട് അത് ബഹിരാകാശ മാലിന്യമാകും. ഇത്തവണ ഇൗ ആറുമാസം പി. എസ്. 4 നെ പരീക്ഷണങ്ങൾക്ക് ഉപയോഗിക്കുമെന്ന് ഐ.എസ്. ആർ.ഒ. ചെയർമാൻ ഡോ. ശിവൻ പറഞ്ഞു. ഇതിനായി പി.എസ്. 4 ൽ സോളാർ പാനലിന് പകരം ലിഥിയം അയോൺ ബാറ്ററി സജ്ജീകരിച്ചിട്ടുണ്ട്. ബഹിരാകാശ മനുഷ്യ ദൗത്യത്തിന് മുന്നോടിയായുള്ള പരീക്ഷണങ്ങളാവും ഇതിൽ നടത്തുക
പി. എസ്. എൽ.വിയിലെ പരിഷ്‌കാരങ്ങൾ
പി. എസ്. എൽ.വിയിൽ പതിവുള്ള ആറ് സ്ട്രാപ് ഓൺ ബൂസ്റ്ററുകൾ പുതിയ പതിപ്പിൽ രണ്ടെണ്ണമായി കുറച്ചു. റോക്കറ്റിന്റെ അഗ്രത്തിലെ കുന്തമുന പോലുള്ള പേലോഡ് പേടകം ടൈറ്റാനിയത്തിന് പകരം അലൂമിനിയത്തിൽ നിർമ്മിച്ചു. ഇങ്ങനെ മൊത്തത്തിൽ ഭാരം കുറച്ചു. അതോടെ വേഗം കൂട്ടി. വിക്ഷേപണ സമയം ആറ് മിനിറ്റോളം ലാഭിച്ചു.