തിരുവനന്തപുരം: ഇന്റർനാഷണൽ എയർപോർട്ട് സ്വകാര്യവത്കരണ നടപടികളുടെ ഭാഗമായി എയർപോർട്ട് സന്ദർശിക്കാനെത്തിയ എൻ.ഐ.ഐ.എഫ് പ്രതിനിധികളെ എയർപോർട്ട് ഡയറക്ടറുടെ ഓഫീസിൽ ജീവനക്കാർ തടഞ്ഞുവച്ചു. ഇന്നലെ ഉച്ചയ്ക്ക് 12 ഓടെ എയർപോർട്ട് സന്ദർശിക്കാനെത്തിയ മുംബയ് ആസ്ഥാനമായ നാഷണൽ ഇൻഫ്രാസ്ട്രക്ചറൽ ഇൻവെസ്റ്റ്മെന്റ് ഫണ്ട് പ്രതിനിധികളായ നാലംഗ സംഘത്തെയാണ് തടഞ്ഞുവച്ചത്. ഒരുമാസത്തിനിടെ മൂന്നാമത്തെ തവണയാണ് സന്ദർശിക്കാനെത്തിയവരെ തടഞ്ഞുവയ്ക്കുന്നത്. ജി.എം.ആർ, അദാനി എന്നീ കമ്പനി പ്രതിനിധികളെ മുൻപ് തടഞ്ഞുവച്ചിരുന്നു.
അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്കിലെ ഡയറക്ടർ സി.എ.രവീന്ദ്രന്റെ മുറിയിലെത്തിയ ഇവരെ മുന്നൂറോളം വരുന്ന ജീവനക്കാർ സംഘടിച്ചെത്തി തടഞ്ഞുവയ്ക്കുകയായിരുന്നു. വാതിലിന് മുന്നിൽ കുത്തിയിരുന്ന് സമരക്കാർ മുദ്രാവാക്യം മുഴക്കി. സി.ഐ.എസ് .എഫ് ഉദ്യോഗസ്ഥരെത്തി സമരക്കാരെ പുറത്താക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. മൂന്നരമണിയായിട്ടും സമരക്കാർ പിരിഞ്ഞുപോകാത്തതിനാൽ സന്ദർശക സംഘം തിരിച്ചുപോകുകയായിരുന്നു.
എയർപോർട്ട് ജീവനക്കാരുടെ സംഘടനായ എംപ്ലോയീസ് യൂണിയൻ, ഐ.എൻ.ടി.യു.സി നേതൃത്വം നൽകുന്ന കാംകാർ, ബി.എം.എസ് നേതൃത്വം നൽകുന്ന സംഘടന എന്നിവയിൽപ്പെട്ട വനിതകളടക്കമുള്ള ജീവനക്കാരാണ് പ്രതിഷേധിച്ചത്.