isro

തിരുവനന്തപുരം:വിദ്യാർത്ഥികൾ നിർമ്മിച്ച് ഭൂമിയെ വലംവെയ്ക്കുന്ന ആദ്യഉപഗ്രഹമായി കലാംസാറ്റ് വി.2. ഐ.എസ്.ആർ.ഒ.യ്ക്കും കിട്ടി ഒരു ബഹുമതി. ലോകത്ത് ഏറ്റവും ഭാരംകുറഞ്ഞ ഉപഗ്രഹം വിക്ഷേപിച്ച റെക്കോഡ്. ഒരു രൂപ പോലും ഫീസ് വാങ്ങാതെയാണ് ഐ.എസ്.ആർ.ഒ. കുഞ്ഞൻ ഉപഗ്രഹത്തെ 453 കിലോമീറ്റർ ഉയരത്തിലെ ഭ്രമണപഥത്തിലെത്തിച്ചത്.

വൈദ്യുതി സംവിധാനങ്ങളോ, ഇന്ധനമോ ഇല്ലാത്തതിനാൽ ഇൗ ഉപഗ്രഹത്തിന് ഭ്രമണപഥം ശരിയാക്കാനാവില്ല. അത് കണക്കിലെടുത്ത് കൃത്യം ഭ്രമണപഥത്തിലാണ് പി. എസ്. എൽ.വി. റോക്കറ്റ് ഉപഗ്രഹത്തെ പ്രതിഷ്‌ഠിച്ചത്.

ചെന്നൈയിലെ വിദ്യാർത്ഥികളുടെ കൂട്ടായ്‌മയായ സ്പെയ്സ് കിഡ്സ് ഇന്ത്യയാണ് കലാംസാറ്റ് വി. 2 നിർമ്മിച്ചത്. പത്തിഞ്ച് വലിപ്പമുള്ള ക്യൂബ് ആകൃതിയിലുള്ളതാണ് ഉപഗ്രഹം. ഭാരം 1.26 കിലോഗ്രാം. അമേരിക്കയിലെ നാസ വിദ്യാർത്ഥികൾക്കായി നടത്തിയ ക്യൂബ്സ് സ്‌പെയ്സ് മത്സരത്തിൽ പങ്കെടുക്കാൻ മുഹമ്മദ് അബ്ദുൽ കൈഫ്, റഫീക്ക് ഷാരൂഖ് തുടങ്ങിയ വിദ്യാർത്ഥികളുടെ ഏഴംഗ കൂട്ടായ്‌മയാണ് സ്പെയ്സ് കിഡ്സ്. കേസൻ എന്ന അദ്ധ്യാപികയാണ് ഉപദേശക.

വിദ്യാർത്ഥികൾക്കായുള്ള ഐ.എസ്. ആർ. ഒയുടെ പദ്ധതിയിലാണ് സ്പെയ്സ് കിഡ്സ് വീണ്ടും സജീവമായത്. ഇക്കുറി 12 വിദ്യാർത്ഥികളുണ്ട്. അന്തരിച്ച മുൻ രാഷ്ട്രപതിയും ശാസ്ത്രജ്ഞനുമായ എ.പി. ജെ. അബ്ദുൾ കലാമിന്റെ പേരാണ് ഉപഗ്രഹത്തിന് നൽകിയത്. വിക്ഷേപണത്തിന് ശേഷം ഉപഗ്രഹത്തിന്റെ നിയന്ത്രണം സ്പെയ്സ് കിഡ്സ് ഏറ്റെടുത്തു. രണ്ടുമാസം ഉപഗ്രഹം സജീവമായിരിക്കും.