തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിധി നടപ്പാക്കുക സർക്കാരിന്റെ കർത്തവ്യമാണെന്ന് നയപ്രഖ്യാപനത്തിൽ ഗവർണർ വ്യക്തമാക്കി. സർക്കാർ ലിംഗനീതി ഉറപ്പാക്കും. ശബരിമല വിധിക്ക് ശേഷമുണ്ടായ സംഭവങ്ങൾ നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കേണ്ടതിന്റെ അടിയന്തര ആവശ്യം അടിവരയിടുന്നു. ലിംഗനീതിക്കായുള്ള പോരാട്ടത്തിൽ കേരളത്തിലെ വനിതകളുടെ ഐക്യദാർഢ്യത്തിന്റെ പ്രതീകമായി വനിതാമതിൽ സംഘടിപ്പിക്കുന്നതിന് സർക്കാർ പിന്തുണ നൽകി. ചരിത്രപരമായ ആ സായാഹ്നത്തിൽ 50 ലക്ഷത്തിലധികം വനിതകൾ ഒത്തുചേർന്നത് മതനിരപേക്ഷതയും പുരോഗമനാത്മക മൂല്യങ്ങളും സംരക്ഷിക്കുന്നതിനുള്ള ആത്മവിശ്വാസം തരുന്നു. സാമൂഹ്യപരിഷ്കർത്താക്കൾ നൽകിയ ചരിത്രപരമായ സംഭാവനകളുടെ സ്മരണാർത്ഥം നവോത്ഥാന മ്യൂസിയം സ്ഥാപിക്കുമെന്നും ഗവർണർ പറഞ്ഞു.