സ്പീക്കറും സുല്ലിട്ടു
തിരുവനന്തപുരം: ഉത്സാഹത്തോടെ നയപ്രഖ്യാപനം വായിച്ച് മുന്നേറിയ ഗവർണർ പി. സദാശിവം ഒരു വാക്കിനു മുന്നിൽ പെട്ടെന്ന് നിന്നു. പലവട്ടം ശ്രമിച്ചിട്ടും നാവിന് വഴങ്ങുന്നില്ല. "കിനൻന്ത്രോപോമെട്രി"യാണ് വില്ലൻ.
മലയാള പദങ്ങൾ വിളിച്ചു പറഞ്ഞ് അംഗങ്ങൾ സഹായിക്കാൻ ശ്രമിച്ചിട്ടും ഗവർണർ പരുങ്ങലിൽ തന്നെ. സ്പീക്കർ പി. ശ്രീരാമകൃഷ്ണനും സഹായിക്കാൻ എഴുന്നേറ്റ് ചെന്നു. സ്പീക്കർക്കും വാക്ക് വഴങ്ങിയില്ല. "അങ്ങിനെയെന്തോ ഒന്ന്. ശരിക്കും അർത്ഥവും ഉച്ചാരണവും കായികമന്ത്രി പറയും" എന്നു പറഞ്ഞ് ഗവർണർ ഒടുവിൽ തടിതപ്പി.
ശരീരത്തിന്റെ അളവിനും ശേഷിക്കുമനുസരിച്ച് വളർച്ചയ്ക്കുള്ള ചികിത്സ നിർണയിക്കുന്ന ശാസ്ത്രവിഭാഗമാണ് കിനൻന്ത്രോപോമെട്രി. ഇതിലെ തത്വങ്ങൾ കുട്ടികളുടെ കായിക വളർച്ചയ്ക്ക്: വിനിയോഗിക്കുമെന്നാണ് നയപ്രഖ്യാപനത്തിൽ ഉദ്ദേശിച്ചത്.
തമിഴ്നാട്ടുകാരനായ ഗവർണറുടെ പ്രസംഗത്തിന്റെ തുടക്കവും ഒടുക്കവും മലയാളത്തിലായിരുന്നു. '' ബഹുമാനപ്പെട്ട സ്പീക്കർ, ബഹുമാനപ്പെട്ട മുഖ്യമന്ത്രി, ബഹുമാനപ്പെട്ട മന്ത്രിമാർ, ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ്, ബഹുമാന്യരായ നിയമസഭാ സാമാജികരേ'' എന്ന് മലയാളത്തിൽ അഭിസംബോധന ചെയ്താണ് തുടങ്ങിയത്.
പ്രസംഗത്തിൽ പല മലയാള പദങ്ങളും ഗവർണറെ വലച്ചു. 'വായനയുടെ വസന്തം' എന്ന് വായിക്കാൻ ബുദ്ധിമുട്ടി. പ്രതിപക്ഷനിര സഹായവുമായെത്തി. ഇക്കുറി നിങ്ങളുടെ നിർദ്ദേശം ഞാൻ അംഗീകരിക്കുന്നെന്ന് പറഞ്ഞാണ് ഗവർണർ അതിനെ സ്വീകരിച്ചത്.
'' നാളെ റിപ്പബ്ലിക് ദിനമാണ്. എല്ലാവർക്കും എന്റെ റിപ്പബ്ലിക് ദിനാശംസകൾ'' എന്ന് മലയാളത്തിൽ പറഞ്ഞാണ് പ്രസംഗം അവസാനിപ്പിച്ചത്.
പ്രതിപക്ഷം നിശബ്ദരായ റൂളിംഗ്
ഗവർണർ പ്രസംഗ പീഠത്തിന് മുന്നിലെത്തിയപ്പോൾ "പ്രളയബാധിതരോട് നീതികാണിക്കണം " എന്നെഴുതിയ ബാനർ ഉയർത്തി ചില പ്രതിപക്ഷാംഗങ്ങൾ എഴുന്നേറ്റു. പ്രസംഗം ശ്രദ്ധിക്കൂ, എല്ലാത്തിനും മറുപടി അതിലുണ്ടെന്ന് ഒരു ജസ്റ്റിസിന്റെ കാർക്കശ്യത്തോടെ ഗവർണർ റൂളിംഗ് നൽകിയപ്പോൾ പ്രതിപക്ഷം പിൻമാറി. ആ വിജയാഹ്ളാദത്തിലാണ് 1.35 മിനിറ്റ് നീണ്ട പ്രസംഗം ഗവർണർ വായിച്ചുതീർത്തത്.
ശബരിമല വിഷയം വന്നപ്പോൾ ഭരണപക്ഷ ബെഞ്ചുകളിൽ കൈയടി ഉയർന്നു. പ്രതിപക്ഷനിരകളിൽ മുറുമുറുപ്പും. വനിതാമതിലിനെക്കുറിച്ച് പറഞ്ഞപ്പോൾ അത് കൂടുതൽ ഉച്ചത്തിലായി. കൊല്ലം ബൈപ്പാസ് ഉദ്ഘാടനത്തിന്റെ നേട്ടം സർക്കാർ കൈപ്പിടിയിലൊതുക്കിയപ്പോൾ പ്രതിപക്ഷനിര ബഹളമുണ്ടാക്കി. ഭരണ, പ്രതിപക്ഷാംഗങ്ങൾ ഒരുമിച്ച് കൈയടിച്ചത് പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങളിലേർപ്പെട്ട മത്സ്യത്തൊഴിലാളികളെ പരാമർശിച്ചപ്പോഴാണ്.