k-a-c-

തിരുവനന്തപുരം: മികച്ച ഗാന്ധി​മാർഗ പ്രവർത്തക​നുള്ള കെ.ജനാർദ്ദ​നൻപിള്ള പുര​സ്‌കാരം മുൻ നിയമസഭാംഗം കെ.എ. ചന്ദ്രന് നൽകും. ഗാന്ധിജിയുടെ ആത്മകഥ അരലക്ഷത്തിലധികം കുട്ടികളുടെ കരങ്ങളിലെത്തിച്ചും ഗാന്ധിസാഹിത്യോത്സവങ്ങൾ സംഘടിപ്പിച്ചും വിദ്യാർത്ഥികൾക്കിടയിൽ നടത്തിവരുന്ന ഗാന്ധിയൻ ആശയപ്രചാരണ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് അദ്ദേഹത്തെ ആദരിക്കുന്നതെന്ന് ട്രസ്​റ്റ് ഭാരവാഹികൾ അറിയിച്ചു. നിയമസഭയിൽ ചി​റ്റൂർ, കൊല്ലങ്കോട് മണ്ഡലങ്ങളെ പ്രതിനിധീകരിച്ചിട്ടുള്ള കെ.എ. ചന്ദ്രൻ പാലക്കാട് തത്തമംഗലം സ്വദേശിയാണ്. 10,000 രൂപ, മഹാ​ത്മാ​ഗാ​ന്ധി​യുടെ രേഖാചിത്രം ആലേ​ഖനം ചെയ്ത ഫല​കം, പ്രശസ്തിപത്രം എന്നിവ ഉൾപ്പെ​ട്ട​താണ് പുര​സ്‌കാ​രം.

കേരള ഗാന്ധി​സ്മാ​രകനിധി സ്ഥാപകനേതാവും മുൻചെ​യർമാനുമായ കെ.ജനാർദ്ദ​നൻപി​ള്ള​യുടെ പതിനാറാം ചര​മ​വാർഷിക ദിന​മായ ജനു​വരി 29 ന് വൈകിട്ട് നാലിന് വൈ.എം.സി.എ ഹാളിൽ നട​ക്കുന്ന ചടങ്ങിൽ പ്രധാനമന്ത്റിയുടെ ഉപദേഷ്ടാവായിരുന്ന ടി.കെ.എ നായർ പുരസ്‌ക്കാരം സമ്മാനിക്കും. മുൻ ഡെപ്യൂട്ടി സ്പീക്കർ പാലോട് രവി അനുസ്മരണയോഗം ഉദ്ഘാടനം ചെയ്യും. സ്വഭാവ വൈശിഷ്ട്യത്തിനുള്ള ജെ.ദാക്ഷായണി അമ്മ വിദ്യാർത്ഥി പുരസ്‌കാരം ശ്രീശാരദാദേവി ശിശുവിഹാർ യു.പി സ്‌കൂളിലെ കുമാരി പൗർണമി എസ്. ജയന് ദേശീയ ​ഗാ​ന്ധി​സ്മാരകനിധി മുൻ ചെ​യർമാൻ പി.ഗോപി​നാ​ഥൻനായർ സമ്മാനിക്കും. ട്രസ്​റ്റ് ചെയർമാൻ ഡോ.എൻ.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും.