fd

വെഞ്ഞാറമൂട്: കിടപ്പുരോഗിക്ക് സാന്ത്വനവും പരിചരണവും ആശുപത്രി ചികിത്സയ്ക്ക് സൗകര്യവുമൊരുക്കി ജനമൈത്രി പൊലീസിന്റെ സേവനം. നെല്ലനാട് പന്തപ്ലാവിക്കോണം ഷീജാ മന്ദിരത്തിൽ ഓമനയ്‌ക്കാണ് (60) വെഞ്ഞാറമൂട് ജനമൈത്രി പൊലീസ് സഹായവുമായെത്തിയത്. 40 വയസുള്ള മകൾ ഷീജയാണ് ഒാമനയ്ക്ക് ഏക ആശ്രയം. വിവാഹമോചിതയായ ഷീജയ്ക്കും മാനസികപ്രശ്‌നമുണ്ട്. കുറച്ചുകാലം മുമ്പ് കാലിൽ വ്രണമുണ്ടായെങ്കിലും ചികിത്സ തേടാത്തതിനാൽ നീരുവന്ന് വീർത്ത് പൊട്ടുകയും പുഴുവരിക്കുന്ന അവസ്ഥയിലുമെത്തിയിരുന്നു. ഇതുകാരണം വീട്ടിൽത്തന്നെ കഴിയുകയാണ്. ഇക്കാര്യം നാട്ടുകാർ വെഞ്ഞാറമൂട് പൊലീസിൽ അറിയിക്കുകയും അവർ പുല്ലമ്പാറ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ പാലിയേറ്റീവ് കെയർ വിഭാഗവും ചേർന്ന് വീട്ടിലെത്തുകയുമായിരുന്നു. വാതിൽ തുറക്കാനാകാതെ വന്നതോടെ പൊലീസ് ബലം പ്രയോഗിച്ച് തുറന്ന് നാട്ടുകാരുടെ സഹായത്തോടെ വൃണം വൃത്തിയാക്കി വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കൽ കോളേജ് പാലിയേറ്റീവ് കെയർ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. വെഞ്ഞാറമൂട് സി.ഐ ആർ. വിജയൻ, എ.എസ്.ഐ സുദർശനൻ, ജനമൈത്രി പൊലീസ് കോ - ഓ‌ർഡിനേറ്റർ ഷെരീർ വെഞ്ഞാറമൂട്, പഞ്ചായത്തംഗം പ്രീതാ മനോജ്, സിവിൽ പൊലീസ് ഓഫീസർ മഹേഷ്, ആശാവർക്കർമാരായ ലതിക, മോളി, പാലിയേറ്റീവ് കെയർ വിഭാഗത്തിലെ സലീന, മഹേഷ് എന്നിവരടങ്ങിയ സംഘമാണ് ഓമനയെ പരിചരിച്ചത്.