പാറശാല: പൊതു വിദ്യാലയങ്ങളിലെ മികവാർന്ന പ്രവർത്തനങ്ങൾ ദൃശ്യാവിഷ്ക്കാരത്തിലൂടെ പൊതു സമൂഹത്തിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ അദ്ധ്യാപകർക്ക് ക്യാമറ പരിശീലനം നൽകി. വിദ്യാലയ പ്രവർത്തനങ്ങൾ ഡോക്യുമെന്റ് ചെയ്യുന്നതിന് എല്ലാ ഹൈസ്കൂളുകളിലും ഡി.എസ്.എൽ.ആർ ക്യാമറകൾ നൽകിയിട്ടുണ്ട്. ലിറ്റിൽ കൈറ്റ്സ് എന്ന പേരിൽ ഓരോ വിദ്യാലയത്തിലെയും ക്ലബ്ബംഗങ്ങൾക്ക് സ്കൂൾ പ്രവർത്തനങ്ങൾ വീഡിയോ ചിത്രീകരണത്തിന് നേരത്തെ നൽകിയ പരിശീലനത്തിന്റെ തുടർച്ചയായിട്ടാണ് അദ്ധ്യാപകർക്ക് പരിശീലനം നൽകുന്നത്. അദ്ധ്യാപകർ ക്ലബ് അംഗങ്ങൾക്ക് വീഡിയോ മിക്സിംഗ്, എഡിറ്റിംഗ് എന്നിവയിൽ മാർഗ്ഗ നിർദേശം നൽകും. സ്വതന്ത്ര സോഫ്റ്റ്‌വെയറായ കേഡൻ ലൈവ്, ഒഡാസിറ്റി എന്നീ എഡിറ്റിംഗ് സോഫ്റ്റ് വെയറിലാണ് പരിശീലനം. ക്യാമറ അനായാസമായി കൈകാര്യം ചെയ്യുന്നതിനും ഗുണമേന്മയോടെ എഡിറ്റ് ചെയ്യാനും ഇതിലൂടെ കഴിയും. വരും ദിവസങ്ങളിൽ ലിറ്റിൽ കൈറ്റ്സ് ക്ലബംഗങ്ങൾ അദ്ധ്യാപകരുടെ പിന്തുണയോടെ രണ്ട് മിനിട്ട് ദൈർഘ്യമുള്ള വിദ്യാലയ പ്രവർത്തനങ്ങൾ, വാർത്തകൾ, ഹ്രസ്വചിത്രങ്ങൾ എന്നിവ നിർമ്മിക്കുന്നതാണ്. ഇവ വിക്ടേഴ്സ് ചാനലിലൂടെ സംപ്രേക്ഷണം ചെയും. പാറശാല ഗവ.വെക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ, നെയ്യാറ്റിൻകര ഗവ.ബോയ്സ് ഹൈസ്കൂൾ, ബാലരാമപുരം ഗവ. ഹയർ സെക്കന്ററി സ്കൂൾ എന്നിവിടങ്ങളിലാണ് ക്യാമറ പരിശീലനം സംഘടിപ്പിച്ചത്.
ഫോട്ടോ: പാറശാല ഗവ.വൊക്കേഷണൽ ആൻഡ് ഹയർ സെക്കന്ററി സ്‌കൂളിലെ അദ്ധ്യാപകർ വീഡിയോ എഡിറ്റിംഗ് പരിശീലനത്തിൽ