സാമ്പത്തിക രംഗത്തെ സംഭവവികാസങ്ങൾ സവിശേഷമായ ശ്രദ്ധയോടെ രാജ്യവും ജനങ്ങളൊട്ടാകെയും പരിഗണിക്കുന്ന കാലമാണിത്. ഇന്ത്യൻ ബാങ്കിംഗ് രംഗം ജനകീയമായതും, രാഷ്ട്ര നിർമ്മാണത്തിന് അനുയോജ്യമായതും 1969 ലെ ബാങ്ക് ദേശസാത്കരണത്തോടെയാണ്. 2008 ലെ ലോക സാമ്പത്തിക പ്രതിസന്ധിയെ അതിജീവിക്കാനായത് പ്രസ്തുത നീരുറവ ഇന്ത്യയുടെ ബാങ്കിംഗ് സ്ഥാപനങ്ങളിൽ നിലനിൽക്കുന്നതിനാലായിരുന്നു. എന്നാൽ, നവലിബറൽ നയങ്ങൾ അത്തരം നന്മകളെയെല്ലാം നിർവീര്യമാക്കുകയുണ്ടായി. ബാങ്ക് വായ്പകൾ സാധാരണക്കാരന് ലഭ്യമാകുന്നില്ല. ചെറുകിട ഇടപാടുകാരെ കഴിയുന്നതും ഒഴിവാക്കുന്നതാണ് ബാങ്കുകൾ അവലംബിക്കുന്ന പൊതുനിലപാട്. സഹകരണ ബാങ്കുകളും ഗ്രാമീണ ബാങ്കുകളുമാണ്, അടിസ്ഥാന ജനവിഭാഗങ്ങളോട് അല്പമെങ്കിലും സൗഹൃദ സമീപനം വെച്ചു പുലർത്തുന്നത്. എന്നാൽ, പുതിയ നയംമാറ്റം ഇത്തരം ബാങ്കുകളെയും തകർത്തില്ലാതാക്കുന്നതിലേക്കാണ് വഴിതെളിയിക്കുന്നത്.
ബാങ്ക് വായ്പകൾ ശാഖാ മാനേജർമാർ അനുവദിച്ചിരുന്ന കാലത്താണ് വികേന്ദ്രീകൃതമായി ചെറുകിട വായ്പകൾ സാധാരണക്കാർക്ക് ലഭ്യമായിരുന്നത്. എന്നാൽ, കോർ ബാങ്കിംഗ് സൊലൂഷൻ നടപ്പാക്കി ബാങ്ക് പ്രവൃത്തികളെല്ലാം ഹെഢാഫീസുകളിലും സോണൽ ഓഫീസുകളിലും കേന്ദ്രീകരിക്കുന്ന സ്ഥിതി സംജാതമായി. എളുപ്പത്തിൽ ടാർജറ്റുകൾ കൈവരിക്കാനെന്നവിധം വമ്പൻ വായ്പകളിൽ അഭയം തേടുന്നതിലേക്ക് ബാങ്കുകളുടെ പ്രവർത്തനശൈലി രൂപാന്തരപ്പെട്ടു. സ്വാഭാവികമായും അവഗണിക്കപ്പെട്ട കാർഷിക മേഖലയും ചെറുകിട സംരംഭങ്ങളും തളർന്നുവീഴാനും മരവിപ്പ് സംഭവിക്കാനും കാരണമായി. ഇന്ത്യൻ കമ്പോളത്തിനുണ്ടായ മുരടിപ്പും സമ്പദ് വ്യവസ്ഥയുടെ മാന്ദ്യവും, ചെറുകിടക്കാരെ അവഗണിച്ചുള്ള ബാങ്ക് വായ്പാ നിഷേധത്തിന്റെ കൂടി സംഭാവനയാണ്.
വിജയ് മല്യമാർക്കും കോർപ്പറേറ്റുകൾക്കും മറ്റും ലഭ്യമാക്കിയ ബാങ്ക് വായ്പകളാകട്ടെ, അവർ മനഃപൂർവം തിരിച്ചടക്കുകയുണ്ടായില്ല. ബാങ്കുകളുടെ മൊത്തം കിട്ടാക്കടം 10 ലക്ഷം കോടി രൂപയായി എത്തിനിൽക്കുന്നത് ഏറെ ഉത്കണ്ഠാജനകമാണ്. 2013-14 സാമ്പത്തിക വർഷത്തിൽ കിട്ടാക്കട തുക 2.49 ലക്ഷം കോടി രൂപയായിരുന്നു. കുതിച്ചുയരുന്ന കിട്ടാക്കടം ബാങ്കുകളെയാകെ വൻ നഷ്ടത്തിലെത്തിച്ചിരിക്കുകയാണ്. 2017-18 ൽ പൊതുമേഖലാ ബാങ്കുകളിലെ വിജയാ ബാങ്കും ഇന്ത്യൻ ബാങ്കുമൊഴിച്ച്, 19 ബാങ്കുകളും നഷ്ടത്തിലാണ് കലാശിച്ചത്. ബാങ്ക് ദേശസാത്കരണത്തിന് ശേഷം ആദ്യമായിട്ടാണ് ഇതുപോലെ ബാങ്കുകൾ നഷ്ടത്തിലാകുന്നത്. 2015-16ൽ 17,990 കോടി രൂപയും 2016-17ൽ 11,369 കോടി രൂപയും ബാങ്കുകൾക്ക് നഷ്ടം സംഭവിക്കുകയുണ്ടായി. 2017-18ലെ ഇന്ത്യൻ ബാങ്കിംഗ് വ്യവസായത്തിന്റെ അറ്റനഷ്ടം 85,374 കോടി രൂപയാണ്. ബാങ്ക് ദേശസാത്കരണത്തിലൂടെ ജനങ്ങളുടെ വിശ്വാസ്യതയും അംഗീകാരവും നേടി അഭിവൃദ്ധിയിലെത്തിയ ബാങ്കിംഗ് സ്ഥാപനങ്ങളാണ് തെറ്റായ സാമ്പത്തിക നയങ്ങളുടെ പ്രയോഗത്താൽ ഈ വിധം താറുമാറായിട്ടുള്ളത്.
സാധാരണ ജനങ്ങൾക്ക് സബ്സിഡി കിട്ടാനും ദൈനംദിന ആവശ്യങ്ങൾക്കും ബാങ്ക് അക്കൗണ്ടുകൾ നിർബന്ധിതമാക്കിക്കഴിഞ്ഞു. എ.ടി.എം, ഇന്റർനെറ്റ്, ക്രെഡിറ്റ് കാർഡ് ഉപയോഗങ്ങളൊക്കെ നിത്യജീവിതത്തിലെ ഒഴിവാക്കാനാകാത്ത സംഗതികളായിട്ടാണ് വന്നുകൊണ്ടിരിക്കുന്നത്. ഈയൊരു സാഹചര്യത്തിലാണ് ബാങ്കുകളിൽ അമിതമായ സർവീസ് ചാർജ്ജ് ഈടാക്കുന്ന സമ്പ്രദായം തീക്ഷ്ണമായി വരുന്നത്. ടെക്നോളജിയുടെ പ്രയോഗം ചിരപരിചിതമല്ലാത്തതിനാൽ ചതിക്കുഴികളിൽ വീഴുന്ന ഇടപാടുകാരുടെ എണ്ണം കൂടുന്നതായി കാണാം.
സമ്പത്തിന്റെ അമിത കേന്ദ്രീകരണം അതീവഗൗരവമുള്ള സാമൂഹ്യപ്രശ്നമാണ്. ഇതുണ്ടാക്കുന്ന സാമ്പത്തിക അസമത്വം സമൂഹത്തിൽ നാനാവിധത്തിലുള്ള അസ്വസ്ഥതകൾക്കും പൊട്ടിത്തെറികൾക്കും കാരണമാകും. 2017ൽ നമ്മുടെ രാജ്യത്ത് സൃഷ്ടിക്കപ്പെട്ട സമ്പത്തിന്റെ 73 ശതമാനവും ഒരു ശതമാനം വരുന്ന ധനാഢ്യർ കൈവശപ്പെടുത്തുകയുണ്ടായി. 2018 ലെ ഓക്സ്ഫാം റിപ്പോർട്ട് പറയുന്നത് രാജ്യത്തെ 50 ശതമാനം ജനങ്ങളുടെ കൈവശമുള്ളതിന്റെ തുല്യമായത്ര സമ്പത്ത് ഒൻപത് കോടീശ്വരന്മാരുടെ പക്കലുണ്ടെന്നാണ്. ഭീതിജനകമായ ഒരു അവസ്ഥാവിശേഷമാണിത്.ചെറുകിട വായ്പകളെ പ്രോത്സാഹിപ്പിക്കുകയും ആകെ ബാങ്ക് വായ്പയിൽ പകുതി തുകയെങ്കിലും കാർഷിക, ഇടത്തരം, ചെറുകിട സംരംഭകർക്ക് അനുവദിക്കുകയും ചെയ്യുന്ന നിബന്ധന കർക്കശമാക്കിയാൽ സമ്പദ് വ്യവസ്ഥയുടെ ഉണർവ് സാധ്യമാക്കാമെന്നതാണ് യാഥാർത്ഥ്യം.
ബാങ്ക് ജീവനക്കാരുടെ നിയമനത്തിലും വലിയ പക്ഷപാതിത്വവും ജനവിരുദ്ധതയുമാണ് നിലനിൽക്കുന്നത്. ഉന്നത എക്സിക്യൂട്ടീവുകൾക്ക് ഉയർന്ന പ്രതിഫലം നൽകുമ്പോഴും ധൂർത്തും ആഢംബര ചിലവും സമർത്ഥമായി നിർവഹിക്കുമ്പോഴും ബാങ്കുകളുടെ ലാഭമാണ് ക്ഷയിപ്പിക്കുന്നത്. എന്നാൽ, സ്വീപ്പർ, പ്യൂൺ, ക്ലാർക്ക് തസ്തികയിൽ ജീവനക്കാരെ നിയമിക്കുന്നതിൽ കടുത്ത വിമുഖതയാണ് ബാങ്കുകൾ കാണിക്കുന്നത്. ഈ തസ്തികകളിൽ നിയമനം നടക്കാത്തതു വഴി സാധാരണക്കാരുടെ തൊഴിലവസരമാണ് ദാരുണമായി നിഷേധിക്കപ്പെടുന്നത്. താൽക്കാലിക തൊഴിലാളികളേയും ഓഫീസർ വിഭാഗത്തേയും കൂടുതലായി നിയമിച്ചുകൊണ്ട് അവരെ കൂലി അടിമകളാക്കി വെക്കുന്ന ഒരു തൊഴിൽ ചൂഷണമാണ് ബാങ്കുകളിൽ അവലംബിച്ചുവരുന്നത്. ബാങ്ക് ഓഫീസർമാരിൽ കണ്ടുവരുന്ന ആത്മഹത്യാ പ്രവണതയെ ഈയൊരു പശ്ചാത്തലത്തിലാണ് നോക്കിക്കാണേണ്ടത്. ബാങ്കുകളിൽ നിലനിൽക്കുന്ന വരേണ്യസ്വഭാവത്തെ ചെറുക്കാനും, തൊഴിൽ ചൂഷണത്തെ പ്രതിരോധിക്കാനും തൊഴിലാളി സംഘടനകളാണ് മുൻകൈ എടുക്കേണ്ടത്. കോർപ്പറേറ്റ് കൊള്ള അവസാനിപ്പിക്കുക, ജനകീയ ബാങ്കിംഗ് സംരക്ഷിക്കുക എന്ന ആശയം ഏറെ കാലികപ്രസക്തിയുള്ള ഒന്നാണ്. ഇന്ന് മുതൽ ജനുവരി 31 വരെ തിരുവനന്തപുരത്ത് നടക്കുന്ന ബെഫി (ബാങ്ക് എംപ്ളോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ)യുടെ ദേശീയ സമ്മേളനം ഇത്തരം കാര്യങ്ങൾ സവിശേഷമായ ചർച്ചയ്ക്കും തീരുമാനങ്ങൾക്കും വിധേയമാക്കുമെന്ന് തീർച്ചയാണ്.
ലേഖകൻ ബെഫിയുടെ സംസ്ഥാന പ്രസിഡന്റാണ് ഫോൺ : 9447268172