പാലോട്: സംസ്ഥാന വിനോദ സഞ്ചാര വകുപ്പിനു കീഴിൽ നടപ്പാക്കുന്ന ''ഉത്തരവാദിത്വ ടൂറിസം പദ്ധതിക്ക് '' ആതിഥേയയത്വമരുളാൻ പെരിങ്ങമ്മല ഗ്രാമപഞ്ചായത്ത് ഒരുങ്ങുന്നു. ലോക ഭൂപടത്തിൽ സ്ഥാനം പിടിച്ച പൊൻമുടിക്ക് പുറമെ ബ്രൈമൂർ - മങ്കയം ഇക്കോ ടൂറിസം കേന്ദ്രങ്ങൾ, ശാസ്‌താംനടയിലെ ചതുപ്പ് നിലങ്ങൾ, ട്രോപ്പിക്കൽ ബോട്ടാണിക് ഗാർഡൻ, ജില്ലാ കൃഷിതോട്ടം, ബനാന നഴ്‍സറി തുടങ്ങിയവ ഇനി സഞ്ചാരികളുടെ പറുദീസയാവും. വിനോദ സഞ്ചാരികൾക്കായി വ്യത്യസ്‌ത തരത്തിലുള്ള നാൽപ്പതിലേറെ എക്‌സ്‌പീരിയൻഷ്യൽ ടൂറിസം പാക്കേജുകൾ വിനോദസഞ്ചാര വകുപ്പ് തയാറാക്കിയിട്ടുണ്ട്. കർഷകർ, കുടംബശ്രീ പ്രവർത്തകർ, കരകൗശല നിർമാതാക്കൾ, ടൂറിസം സംരഭകർ, ഹോം സ്റ്റേ - ഫാം സ്റ്റേ നടത്തിപ്പുകാർ, കലാകാരൻമാർ, ടൂറിസം ഗൈഡുകൾ തുടങ്ങിയവർക്ക് ഏറെ ഉപകാരപ്രദമാവുന്ന പദ്ധതിയാണ് ഉത്തരവാദിത്വ ടൂറിസമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി. ചിത്രകുമാരി അറിയിച്ചു. ജനപങ്കാളിത്ത ടൂറിസം നടപ്പാക്കുന്നതോടെ പ്രദേശത്തെ നിരവദി കുടുംമ്പങ്ങൾക്ക് മുഖ്യ വരുമാന മാർഗമായി മാറുമെന്നാണ് വിലയിരുത്തൽ.
പെരിങ്ങമലയിലെ ടൂറിസം കേന്ദ്രങ്ങൾ
1. ബ്രൈമൂർ - മങ്കയം ഇക്കോ ടൂറിസം
വെള്ളച്ചാട്ടങ്ങൾ കൊണ്ട് ശ്രദ്ധേയമായ പ്രമുഖ വിനോദ സഞ്ചായര കേന്ദ്രമാണ് ബ്രൈമൂർ - മങ്കയം ഇക്കോ ടൂറിസം. പൊൻമുടിയിൽ നിന്നും വനഭംഗി ആസ്വദിച്ച് കാൽനടയായി ഇവിടെയെത്തി കുളിച്ച് മടങ്ങാം. യാത്രാമദ്ധ്യേ ബ്രൈമൂർ എസ്റ്റേറ്റും സഞ്ചാരികൾക്ക് കാഴ്ചയൊരുക്കുന്നു. വനം വകുപ്പിന്റെ നിയന്ത്രണത്തിൽ പ്രദേശവാസികളെ ഉൾപ്പെടുത്തി രൂപീകരിച്ച വനം സംരക്ഷണ സമിതിക്കാണ് എക്കോടൂറിസം സെന്ററിന്റെ മേൽനോട്ടം.
2. ശാസ്‌താംനടയിലെ ചതുപ്പ് നിലങ്ങൾ
യുനസ്കോ അഗീകരിച്ച ലോകത്തെ പൈതൃക പട്ടികയിൽ ഇടംപിടിച്ച സ്ഥലമാണ് ശാസ്‌താംനടയിലെ ചതുപ്പ് നിലങ്ങൾ. അത്യപൂർവ കണ്ടൽ കാടുകളും തായ്‌വേരുകളുള്ള കുള്ളൻമരകളാലും സമൃതം. സംസ്ഥാന ഫോറസ്റ്റ് ട്രൊയിനിംഗ് കോളേജ് സ്ഥിതിചെയ്യുന്നതും ഇതിനടുത്താണ്.
3. ട്രോപ്പിക്കൽ ബോട്ടാണിക്ക. ഗാർഡൻ
ഏഷ്യയിലെ അത്യപൂർവ ജൈവ സമ്പത്തിന്റെ കലവറയാണ് ട്രോപ്പിക്കൽ ബോട്ടാണിക്കൽ ഗാർഡൻ. ഗവേഷണത്തിനായി വിദേശരാജ്യങ്ങളിൽ നിന്നും നിരവധിപേരാണ് ഇവിടെ എത്തുന്നത്. ആരോഗ്യപച്ചയെന്ന തനത് സസ്യത്തിൽ നിന്നും ജീവനി എന്ന അമൂല്യ ഔഷധം കണ്ടെത്തിയത് ഇവിടുത്തെ ശാസ്ത്രജ്ഞരാണ്.
4. ജില്ലാ കൃഷിതോട്ടം
കൃഷിവകുപ്പിന്റെ ഉടമസ്ഥതയിൽ ജില്ലാപഞ്ചായത്തിന് പരിപാലന ചുമതലയുള്ള 60 ഹെക്ടറിൽ വ്യാപിച്ച് കിടക്കുന്ന തോട്ടമാണ് ഇത്. വാമനപുരം നദിയുടെ കൈവഴിയായ ചിറ്റാറിന്റെ കരയിൽ സ്വാഭാവിക വനത്തോട് ചേർന്നാണ് ജില്ലാ കൃഷിതോട്ടം സ്ഥിതിചെയ്യുന്നത്. വിളകളെ സംരക്ഷിച്ച് കർഷകർക്ക് കുറഞ്ഞ വിലയ്ക്ക് ഗുണമേൽമയുള്ള വിത്തുകൾ വിതരണം ചെയ്യുകയാണ് ലക്ഷ്യം. ഭലവൃക്ഷങ്ങളും പച്ചക്കറികളും കിഴങ്ങ് വിളകളും പൂച്ചെടികളും ഇവിടെ സമൃതം. ഇവിടെ 7ാം ബ്ലോക്ക് എന്നറിയപ്പെടുന്ന ഇവിടെ വന്യജീവികളുടെ ആവസ കേന്ദ്രംകൂടിയാണ്. ഇവിടെയാണ് മാലിന്യത്തിൽ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്ന പ്ലാന്റിന് വേണ്ടി അധികൃതർ സ്ഥലം കണ്ടെത്തിയത് പ്രദേശവാസികളിൽ പ്രതിഷേധത്തിന് വഴിവച്ചത്. 20ഓളം ആദിവാസി സങ്കേതങ്ങളും 50ലേറെ പട്ടകജാതി കേന്ദ്രങ്ങളും ഇവിടെയുണ്ട്.
ബനാന നഴ്‍സറി
ജില്ലാ കൃഷിത്തോട്ടത്തിന്റെ പ്രധാന ഭാഗങ്ങലിൽ ഒന്നാണ് ബനാന നഴ്സറി. പല ഇനങ്ങളിലുള്ള വാഴപ്പഴം ഉൾപ്പടെ വിവിധതരം പഴവർഗങ്ങളാണ് ഇവിടെ കൃഷിചെയ്യുന്നത്.