മലയിൻകീഴ്: ഭാര്യയെ വെട്ടിപ്പരിക്കേല്പിച്ച ശേഷം ഭർത്താവ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. മാറനല്ലൂർ നീറമൺകുഴി കീഴ്പ്പാട്ടുവിള അയനത്തൂർ മേലെ പുത്തൻവീട്ടിൽ എസ്. ശരൺബാബു (42, സുധീഷ് ) ആണ് ഭാര്യ മായാലക്ഷ്‌മിയെ (36) മുഖത്ത് വെട്ടിപ്പരിക്കേൽപ്പിച്ചശേഷം മാറനല്ലൂർ പൊലീസിൽ കീഴടങ്ങിയത്. സ്വകാര്യ സ്ഥാപനത്തിൽ ജോലിയുള്ള മായാലക്ഷ്‌മി വ്യാഴാഴ്ച വൈകിട്ട് ജോലികഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് സംഭവം. മായാലക്ഷ്മിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് അടിയന്തിര ശസ്ത്രക്രിയക്ക് വിധേയയാക്കി. മായലക്ഷ്‌മിയുടെ ബന്ധുക്കളുടെ പരാതിയെ തുടർന്ന് പൊലീസ് അന്വേഷണം നടത്തുന്നതിനിടെ ഇന്നലെ വൈകിട്ടോടെയാണ് ശരൺബാബു കീഴടങ്ങിയത്. സംശയരോഗമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ റിമാൻഡ് ചെയ്‌തു.