തിരുവനന്തപുരം; കേരളത്തിലെ ഒരു ഭരണാധികാരിക്കും അവഗണിക്കാനാകാത്ത ശക്തിയാണ് വണിക വൈശ്യ സംഘമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വണിക വൈശ്യ സംഘം പ്ലാറ്റിനം ജൂബിലി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .
കഴിഞ്ഞ യു.ഡി.എഫ് സർക്കാർ കെ.വി.വി.എസിന് അനുവദിച്ച എയിഡഡ് കോളേജിന് പ്രവർത്തനാനുമതി ഈ സർക്കാർ നൽകിയിട്ടില്ല. 24 മാസത്തിനകം അനുമതി നൽകിയില്ലെങ്കിൽ അടുത്തുവരുന്ന സർക്കാർ ഉറപ്പായും നൽകും. സാമൂഹിക പിന്നാക്കാവസ്ഥയെ സംഘടിതമായി മറികടന്ന സംഘടനയ്ക്ക് യു.ഡി.എഫിന്റെ എല്ലാ പിൻതുണയും എന്നുമുണ്ടാകും. സംഘടനാപരമായി ശക്തിയായി നിന്നാൽ ആർക്കും സമുദായത്തെ തള്ളിക്കളയാനാവില്ലെന്നും ചെന്നിത്തല പറഞ്ഞു.
കെ.വി.വി.എസ് സംസ്ഥാന പ്രസിഡന്റ് എസ്. കുട്ടപ്പൻ ചെട്ടിയാർ അദ്ധ്യക്ഷത വഹിച്ചു. തങ്ങളെ സഹായിക്കുന്നവരെ തിരികെ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സമുദായത്തിൽ നിന്ന് ഒരു എം.പി യോ, എം.എൽ.എയോ ഇല്ല. സമുദായത്തിലുള്ള ഒരാൾക്കു പോലും സീറ്റ് നൽകാൻ രാഷ്ട്രീയ പാർട്ടിക്കാർ തയ്യാറുമല്ല. ഇനി നോക്കിയിരിക്കില്ല. മുന്നണികളെ അധികാരത്തിലെത്തിക്കാൻ ഒരു രൂപ പോലും വാങ്ങാതെ ഓടിനടന്നിട്ടും ഒരു സഹായവും ചെയ്തുതരാൻ ഭരണാധികാരികൾ ശ്രമിച്ചിട്ടില്ലെന്നും കുറ്റപ്പെടുത്തി.
വി.എസ്. ശിവകുമാർ എം.എൽ.എ, സംഘം ജനറൽ സെക്രട്ടറി എസ്. സുബ്രഹ്മണ്യം ചെട്ടിയാർ, വിഷ്ണുപുരം ചന്ദ്രശേഖരൻ, വി.ദിനകരൻ, ട്രഷറർ എം.മോഹനൻ, വിജയൻ മാസ്റ്റർ, സി.അർജുനൻ, എ.എസ്. രാജമ്മാൾ, അയ്യപ്പൻ ചെട്ടിയാർ തുടങ്ങിയവർ പങ്കെടുത്തു.
പൊതു സമ്മേളനത്തിന് മുന്നോടിയായി മ്യൂസിയം ജംഗ്ഷനിൽ നിന്നാരംഭിച്ച പ്രകടനത്തിൽ ആയിരങ്ങൾ അണിനിരന്നു.
പിന്നാക്ക വിഭാഗങ്ങളുടെ അവകാശങ്ങൾ നിഷേധിക്കുന്നു: ഉമ്മൻചാണ്ടി
പിന്നാക്ക വിഭാഗത്തിലെ ചെറിയ സമുദായങ്ങളുടെ അവകാശങ്ങൾ നിഷേധിക്കുന്ന നിലപാടാണ് ഇടതു സർക്കാർ സ്വീകരിക്കുന്നതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി കുറ്റപ്പെടുത്തി. പുത്തരിക്കണ്ടം മൈതാനത്ത് കേരള വണിക വൈശ്യ സംഘം പ്ലാറ്റിനം ജൂബിലി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാമൂഹ്യനീതി എല്ലാ വിഭാഗങ്ങൾക്കും ലഭ്യമാക്കണം. വലിയ സമുദായങ്ങൾക്ക് വേണ്ടി ചെറിയ സമുദായങ്ങളെ അവഗണിക്കുന്നത് ശരിയല്ല. കഴിഞ്ഞ യു.ഡി.എഫ് സർക്കാർ സാമൂഹിക നീതിക്ക് വേണ്ടിയാണ് പിന്നാക്ക സമുദായങ്ങൾക്ക് എയിഡഡ് കോളേജ് നൽകാൻ തീരുമാനിച്ചത്. നടപടികൾ പൂർത്തിയാക്കിയെങ്കിലും തുടർന്ന് അധികാരത്തിലെത്തിയ ഇടത് സർക്കാർ നാളിതുവരെയും അത് അനുവദിച്ചിട്ടില്ല. എൻ.കെ.പ്രേമചന്ദ്രൻ എം.പി മുഖ്യാഥിതിയായിരുന്നു. എ. സമ്പത്ത് എം.പി മുഖ്യപ്രഭാഷണം നടത്തി.