തിരുവനന്തപുരം: സമുദായത്തിന്റെ ശക്തിവിളിച്ചോതുന്ന കൂറ്റൻ പ്രകടനത്തോടെ കേരള വണിക വൈശ്യ സംഘത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി. ഗരുഡന്റെ ചിത്രം ആലേഖനം ചെയ്‌ത കാവി പാതകകൾ നിറഞ്ഞ സാഗരമായി ഇന്നലെ വൈകിട്ട് അനന്തപുരി മാറി. മ്യൂസിയം ജംഗ്‌ഷനിൽ നിന്നും ആരംഭിച്ച പ്രകടനത്തിൽ ബാൻഡ് മേളത്തിനും പഞ്ചവാദ്യത്തിനും പിന്നാലെ 75 പാതകളേന്തി കേരളീയ വേഷത്തിൽ വനിതകൾ അണിനിരന്നു. പൂക്കാവടിയും ശിങ്കാരിമേളവും മുത്തുകുടയും പ്രകടനത്തിന് ചാരുത പകർന്നു. ആദ്യനിരയായി ആലപ്പുഴ ജില്ലയിലെയും തൊട്ടുപിന്നാലെ കോട്ടയം ജില്ലയിലെയും പ്രവർത്തകരാണ് അണിനിരന്നത്. ഏറ്റവും ഒടുവിലായിരുന്നു തിരുവനന്തപുരം ജില്ല. ഓരോ ജില്ലയിൽ നിന്നും ആയിരക്കണക്കിന് പ്രവർത്തകർ പങ്കെടുത്തു.