swami-visudhananda-padma-
swami visudhananda padma sree

ശിവഗിരി: പത്മശ്രീ അവാർഡ് ലഭിച്ചതിൽ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ സന്തോഷം രേഖപ്പെടുത്തി. ഇത് ഗുരുകടാക്ഷമാണെന്ന് അദ്ദേഹം പറഞ്ഞു. 66കാരനായ സ്വാമി ശിവഗിരി ബ്രഹ്മവിദ്യാലയത്തിലെ ആദ്യ ബാച്ച് വിദ്യാർത്ഥികളിൽ ഒരാളാണ്. 1984ൽ സ്വാമി ഗീതാനന്ദ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റായിരുന്നപ്പോൾ ജനറൽ സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്നു.

ചെങ്ങന്നൂർ അരിക്കര കൊഴുവല്ലൂർ ആനയിടത്ത് കിഴക്കേക്കര രാഘവന്റെയും കല്യാണി അമ്മയുടെയും നാല് മക്കളിൽ മൂന്നാമനായാണ് ജനനം. സോമനാഥൻ എന്നാണ് പൂർവ്വാശ്രമത്തിലെ പേര്. അമ്മ കുട്ടിക്കാലത്ത് മരണമടഞ്ഞു. തികഞ്ഞ ശ്രീനാരായണ ഭക്തനായിരുന്നു പിതാവ്. രാഘവൻസ്വാമി എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. ചെറുപ്പത്തിലേ ആദ്ധ്യാത്മിക വിഷയങ്ങളിൽ തല്പരനായിരുന്നു സോമനാഥൻ. പന്തളം എൻ.എസ്.എസ് കോളേജിൽ ബിരുദ വിദ്യാർത്ഥിയായിരിക്കെയാണ് കോളേജ് വിദ്യാഭ്യാസം ഉപേക്ഷിച്ച് ശിവഗിരി ബ്രഹ്മവിദ്യാലയത്തിൽ ചേർന്നത്. കോഴ്സ് പൂർത്തിയാക്കിയ ശേഷം ഗുജറാത്ത് ഉൾപ്പെടെ വടക്കേ ഇന്ത്യയിലെ തീർത്ഥാടന കേന്ദ്രങ്ങൾ സന്ദർശിക്കുകയും ഹിമാലയയാത്ര നടത്തുകയും ചെയ്തു. ശിവഗിരിയിൽ മടങ്ങിയെത്തി സന്യാസദീക്ഷ സ്വീകരിച്ച് സ്വാമി വിശുദ്ധാനന്ദയായി. ധർമ്മസംഘം ട്രസ്റ്റ് അംഗമായശേഷം കാഞ്ചീപുരം ശ്രീനാരായണ ആശ്രമം, കുന്നുംപാറ മഠം എന്നിവയുടെ സെക്രട്ടറിയായി പ്രവർത്തിച്ചു.

1993 മുതൽ മരുത്വാമലയിലെ പിള്ളത്തടം ഗുഹയോട് ബന്ധപ്പെട്ട് ധ്യാനപൂർണമായ ജീവിതം നയിച്ച് വന്നു. അവിടെ ചതയപൂജാസംഘം രൂപീകരിക്കുകയും പ്രസിഡന്റായി പ്രവർത്തിക്കുകയും മരുത്വാമല ശ്രീനാരായണ ഗുരുധർമ്മ മഠം എന്നപേരിൽ വൻ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തു. നൂറ് കോടിയിലധികം രൂപ ചെലവിൽ 121 അടി ഉയരത്തിൽ ഏഴ് നിലയുള്ള വിശ്വശാന്തി മന്ദിര നിർമ്മാണത്തിനും തുടക്കം കുറിച്ചു. 2016 നവംബർ 7ന് ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റായി ചുമതലയേറ്റു.