koka

തിരുവനന്തപുരം: പ്രീതയ്ക്ക് ജപ്പാനുമായി ബന്ധമൊന്നുമില്ല. പക്ഷേ, ജപ്പാനിലെ കൗതുക ചെടിവള‌ർത്തൽ രീതിയായ കൊക്കടാമ കാണാൻ കല്ലമ്പലം പനത്തുറയിൽ, പ്രീതയുടെ വീടുവരെ പോയാൽ മതി. പായൽ പന്തുകളിൽ കുഞ്ഞൻ അലങ്കാരച്ചെടികൾ വീടിനുള്ളിൽ വളർത്തുന്ന സൂത്രവിദ്യയിലൂടെ വീട്ടമ്മമാരുടെ താരമാവുകയാണ് താഴത്തുവീട്ടിൽ പ്രതാപന്റെ ഭാര്യ പ്രീത.

വിവാഹം കഴിഞ്ഞ്, ഭർത്താവിനൊപ്പം സൗദിയിലെത്തിയപ്പോൾ, പകൽ പ്രീതയ്ക്ക് ഇഷ്ടംപോലെ സമയം. ബോറടി മാറ്റാൻ യു ട്യൂബ് നോക്കി പാഴ്‌വസ്തുക്കളിൽ നിന്ന് കൗതുകരൂപങ്ങളുണ്ടാക്കി. അതിനായുള്ള തിരച്ചിലിനിടെയാണ് ജപ്പാൻകാരുടെ 'കൊക്കടാമ' കണ്ണിലുടക്കിയത്. മണ്ണു കുഴച്ച് ചെറിയ പന്തു പോലെയാക്കി, പ്രതലത്തിൽ പായലൊട്ടിച്ച്, അതിൽ ചെടി നടുന്ന വിദ്യയ്ക്കു പക്ഷേ, ജപ്പാനിലെ മണ്ണു വേണം. അതുകൊണ്ട് തത്കാലം പ്രീത അതു മനസ്സിൽ സൂക്ഷിച്ച്, മറ്റു കൗതുകങ്ങളിൽ പരീക്ഷണം തുട‌ർന്നു.

മകൻ പ്രണവ് ജനിച്ച്, പിന്നീട് അവനുമായി നാട്ടിലേക്കു താമസം മാറിയപ്പോഴും മനസിൽ നിന്ന് 'കൊക്കടാമ' വിട്ടുപോയില്ല. അക്കഡാമ മണ്ണിനു പകരം നാടൻമണ്ണിലെ പരീക്ഷണം വിജയിക്കാതിരുന്നപ്പോൾ ചകിരിച്ചോറും ചാണകവും മണ്ണും കുഴച്ച് പ്രീത സ്വന്തം വിദ്യ പരീക്ഷിച്ചു. ഇത് ഉരുളകളാക്കി, മതിലിൽ പറ്റിവളരുന്ന പായൽ പൊതിഞ്ഞു. വേരുപിടിച്ചു തുടങ്ങിയ ചെറിയ ചെടികൾ നട്ടു. അതു വിജയിച്ചപ്പോൾ ചിരട്ടയും കുപ്പിയും തൊട്ട് പിസ്തയുടെ തോടിൽ വരെ പ്രീത നാടൻ കൊക്കടാമ അവതരിപ്പിച്ചു. ഫോട്ടോഗ്രഫിയിലും ചിത്രരചനയിലും കൂടി കമ്പമുള്ള പ്രീത, വീട്ടിൽ ഒന്നാന്തരം കൊക്കടാമ തോട്ടവും ഒരുക്കി. സംസ്ഥാനത്ത് ചില പ്രദർശനങ്ങളിൽ കൊക്കടാമകൾ കാണാറുണ്ടെങ്കിലും വീടുകളിൽ പരീക്ഷിക്കുന്നത് വിരളമാണെ് പ്രീത പറയുന്നു. അഡ്വ. ഭാസ്കരൻ ഉണ്ണിത്താന്റെയും വസുമതിയുടെയും മകളായ പ്രീത വർക്കല എസ്.എൻ.കോളേജിൽ നിന്ന് ജന്തുശാസ്ത്ര ബിരുദവും എം.ജി.സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.

കൊക്കടാമ

ജപ്പാനിലെ ചെടി വളർത്തൽ രീതിയാണ് കൊക്കടാമ.പായൽപ്പന്തുകളെന്നും പാവങ്ങളുടെ ബോൺസായിയെന്നും വിളിപ്പേരുണ്ട്. അലങ്കാര ചെടികളെ ചെറുതാക്കി വീടിനകത്ത് വളർത്തുന്നത് കളിമണ്ണിനോട് സാദൃശ്യമുള്ള അക്കാഡമ എന്ന മണ്ണു കുഴച്ച് ഉരുകളാക്കി, പ്രതലത്തിൽ പായലൊട്ടിച്ച പന്തുകളിലാണ്. ഇവ വീട്ടിനുള്ളിൽ തൂക്കിയിടാം. മൂന്നു ദിവസം കൂടുമ്പോൾ വെള്ളത്തിൽ മുക്കിവയ്ക്കുകയോ വെള്ളം തളിക്കുകയോ വേണം. വിപണിയിൽ ഇവയ്ക്ക് ഇനമനുസരിച്ച് 350 മുതൽ 5,​000 രൂപ വരെ വിലയുണ്ട്.