തിരുവനന്തപുരം:വിശ്വാസത്തെയും ആചാരത്തെയും മറയാക്കി ഭരണഘടനയെ അട്ടിമറിക്കാനുള്ള സ്ഥാപിതതാത്പര്യക്കാരുടെ ശ്രമങ്ങളെ നവോത്ഥാന പാരമ്പര്യമുള്ള കേരള സമൂഹം പരാജയപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
നിയമസഭയും സാക്ഷരതാ മിഷനും പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായി സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മാനവികത അടിസ്ഥാനമായ നവോത്ഥാന മൂല്യങ്ങൾ ഇല്ലാതാക്കാനുള്ള ശ്രമം ഗൗരവമായി കാണണം. ഭരണഘടനാ സാക്ഷരതയും അനിവാര്യമാണ്. ഭരണഘടന സംരക്ഷിക്കണമെന്ന ഉത്തരവാദിത്വം ജനങ്ങളിൽ വളർത്താൻ ഭരണഘടനാ സാക്ഷരതാ പരിപാടി സഹായിക്കും. ഭരണഘടനയെ സംരക്ഷിക്കേണ്ട ബാദ്ധ്യത ജനങ്ങൾക്കാണ്. ഭരണഘടനയെ വെല്ലുവിളിക്കാനുള്ള പ്രവണത വർദ്ധിക്കുന്നു. ഭരണഘടനയുടെ ആശയങ്ങളുമായി പൊരുത്തപ്പെടാത്തവരാണ് ഇതിന് പിന്നിൽ. കേരളത്തിന്റെ കൈകളിൽ ഇന്ത്യൻ ഭരണഘടന ഭദ്രമാണ്. പലതരം ജനകീയ ഇടപെടലുകൾ നടത്തിയിട്ടുള്ള സമൂഹമാണ് കേരളത്തിലേത്.സമ്പൂർണ്ണ സാക്ഷരതയും ജനകീയാസൂത്രണവും അടക്കം വിജയിപ്പിക്കാനായത് ഇതിനാലാണ്. ഭരണഘടനയിലെ പൗരാവകാശങ്ങൾ യാഥാർത്ഥ്യമാക്കാനുള്ള ബാദ്ധ്യതയാണ് സർക്കാരിനുള്ളത്.
നവോത്ഥാന പ്രസ്ഥാനമാണ് ഒരു സാമൂഹ്യബോധവത്കരണ പ്രക്രിയയായി രൂപപ്പെട്ടത്. സ്വാതന്ത്ര്യം യാഥാർത്ഥ്യമാവാൻ പാർശ്വവത്കരിക്കപ്പെട്ടവർക്ക് സ്വാതന്ത്ര്യം അനുഭവിക്കാനാവണം. യാഥാസ്ഥിതികർ സത്രീകൾക്കെതിരായ വിവേചനത്തിന് ശ്രമിച്ചപ്പോൾ അതിനെ പ്രതിരോധിക്കാനാണ് സ്ത്രീസമൂഹം വനിതാമതിലുമായി വന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാജ്യത്തെ എല്ലാ വിവേചനവും ഒഴിവാക്കാനുള്ള മൂല്യങ്ങളുള്ളതാണ് നമ്മുടെ ഭരണഘടനയെന്ന് അദ്ധ്യക്ഷത വഹിച്ച സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ പറഞ്ഞു. ഭരണഘടനയാണ് രാജ്യത്തിന്റെ നിലനില്പിന് അടിത്തറ. വിശ്വാസങ്ങൾ ഇതിന് പകരമാവില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സാക്ഷരതാ മിഷൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എം.വി.ഗോവിന്ദൻ ആമുഖം അവതരിപ്പിച്ചു.മേയർ വി.കെ.പ്രശാന്ത്, നവോത്ഥാന മൂല്യസംരക്ഷണ സമിതി ജനറൽകൺവീനർ പുന്നല ശ്രീകുമാർ എന്നിവർ വിശിഷ്ടാതിഥികളായി. നിയമസഭാ സെക്രട്ടറി വി.കെ.ബാബുപ്രകാശ്, സാക്ഷരതാ മിഷൻ ഡയറക്ടർ ഡോ.പി.എസ്.ശ്രീകല തുടങ്ങിയവർ പ്രസംഗിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു സ്വാഗതവും സാക്ഷരതാ മിഷൻ അസി.ഡയറക്ടർ കെ.അയ്യപ്പൻനായർ നന്ദിയും പറഞ്ഞു.