തിരുവനന്തപുരം: ഡി.സി.പി ചൈത്ര തെരേസ ജോണിനെ സ്ഥലംമാറ്റിയതിനെ എതിർത്തും ആഭ്യന്തര വകുപ്പിനെ വിമർശിച്ചും വി.ടി ബൽറാം എം.എൽ.എയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്.
പിണറായി വിജയൻ - ലോകനാഥ് ബഹ്റ ടീമിന്റെ പൊലീസ് ഭരണത്തിൽ കേരളം വെള്ളരിക്കാപ്പട്ടണമാവുകയാണെന്നും ബൽറാം ആരോപിച്ചു. ഡി.സി.പിയെ അനുകൂലിച്ചും സർക്കാർ നടപടിയിൽ പ്രതിഷേധിച്ചും സമൂഹമാദ്ധ്യമങ്ങളിലടക്കം വ്യാപക പ്രതികരണം വന്നതിനു പിന്നാലെയാണ് വി.ടി ബൽറാമും രംഗത്തെത്തിയത്.
ബൽറാമിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
ബാലികയെ പീഡിപ്പിച്ചതിന് പോക്‌സോ നിയമപ്രകാരം അറസ്റ്റിലായ സി.പി.എമ്മുകാരെ പൊലീസ് സ്റ്റേഷൻ ആക്രമിച്ച് മോചിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതികളെ തേടിയാണ് ഐ.പി.എസ് ഉദ്യോഗസ്ഥ ഭരണകക്ഷിയുടെ പ്രാദേശിക ഓഫീസിലേക്ക് സെർച്ച് വാറണ്ടുമായി ചെന്നത്. കർത്തവ്യ പ്രതിബദ്ധത കൊണ്ടു മാത്രമേ ഒരു പൊലീസ് ഉദ്യോഗസ്ഥ ഇങ്ങനെയൊരു നടപടിക്ക് മുതിരുകയുള്ളൂ. പ്രതികളെ അവിടെ ഒളിപ്പിച്ചിട്ടുണ്ടാവുമെന്ന് അവർക്ക് വിശ്വസനീയമായ വിവരം ലഭിച്ചിരിക്കണം. പൊലീസിലെ ഒറ്റുകാരെ വച്ച് ആ ദൗത്യം പരാജയപ്പെടുത്തിയെന്നത് മാത്രമല്ല, പൊലീസ് മേധാവിയും പൊലീസ് വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയും ചേർന്ന് നേരിട്ട് ആ ഉദ്യോഗസ്ഥയെ വിളിച്ച് താക്കീത് ചെയ്യുന്നു, ഉടനടി സ്ഥാനത്തു നിന്ന് ഒഴിവാക്കുന്നു.ഇതെന്തു നിയമവാഴ്ചയാണ് ! ഐ.പി.എസുകാരെ വേട്ടയാടി മനോവീര്യം തകർക്കുകയാണ് സി.പി.എം ഭരണ രീതി. ഇന്നാട്ടിലെ സാംസ്‌ക്കാരിക നായകരൊക്കെ പു.ക.സ നൽകിയ പൊന്നാടയിൽ നട്ടെല്ല് മൂടിപ്പുതപ്പിച്ച് വച്ചിരിക്കുകയാണെന്ന് തോന്നുന്നു.