മലയിൻകീഴ്: ഗ്രനൈറ്റ് പാളികൾ കണ്ടയിനറിൽ നിന്ന് ഇറക്കുന്നതിനിടെ അടിയിൽ പെട്ട് മരിച്ച മേപ്പൂക്കട വാറുവിള പുത്തൻ വീട്ടിൽ രവിചന്ദ്രന്റെ മരണം വിശ്വസിക്കാനാകാതെ കുടുംബവും സുഹൃത്തുക്കളും. ആർമിയിൽ ജോലിയുള്ള മകൻ അനീഷ് നാലു ദിവസം മുൻപാണ് അവധിക്ക് നാട്ടിലെത്തിയത്. പിതാവിന്റെ മരണം അനീഷിനും ഉൾക്കൊള്ളാനാകുന്നില്ല. കയറ്റിറക്ക് ജോലി ചെയ്യുന്നതോടൊപ്പം മേപ്പൂക്കട സ്റ്റാൻഡിൽ ആട്ടോറിക്ഷ ഓടിച്ചാണ് രവിചന്ദ്രൻ കുടുംബം പുലർത്തിയിരുന്നത്. സാമ്പത്തികമായി ഞെരുക്കത്തിലായിരുന്ന രവി വായ്പയെടുത്താണ് ആട്ടോറിക്ഷ സ്വന്തമാക്കിയത്. കയറ്റിറക്ക് ജോലികൾ വല്ലപ്പോഴുമേ കിട്ടാറുള്ളൂ. മറ്റു സമയങ്ങളിൽ ആട്ടോ ഓടിയാണ് കുടുംബം പുലർത്തിയിരുന്നത്. ഐ.എൻ.ടി.യു.സി തൊഴിലാളിയാണെങ്കിലും നാട്ടിൽ എല്ലാവർക്കും ഒരുപോലെ പ്രിയപ്പെട്ടവനും വൻ സുഹൃത്ത് വലയവും ഉള്ള ആളായിരുന്നു. നല്ലൊരു സംഘാടകനായ രവിചന്ദ്രൻ നാട്ടിലെ ഏത് ആവശ്യങ്ങൾക്കും മുന്നിലുണ്ടാകും. എപ്പോഴും സ്റ്റേഹത്തോടെ മാത്രമേ സംസാരിക്കാറുള്ളൂ എന്നാണ് കൂട്ടുകാർ രവിയെ കുറിച്ച് ഓർക്കുന്നത്. മകന് അടുത്തിടെയാണ് ആർമിയിൽ ജോലി കിട്ടിയത്. കുടുംബത്തിന്റെ ചുമതല മകൻ വഹിക്കുമ്പോൾ കടങ്ങൾ വീട്ടാൻ തന്റെ അദ്ധ്വാനം കൊണ്ടാവുമെന്ന് കൂട്ടുകാരോട് രവിചന്ദ്രൻ പറഞ്ഞിരുന്നു. ഒപ്പം ജോലിചെയ്തിരുന്ന സുഹൃത്തിനെ മരണം തട്ടിയെടുത്തപ്പോൾ അത് ഉൾക്കൊള്ളാനാകാതെ അവരും അലമുറയിട്ടത് കണ്ടു നിന്നവരുടെയും കണ്ണ് നിറയിച്ചു. നേരത്തേ വരുമെന്നു പറഞ്ഞ് വീട്ടിൽ നിന്ന് യാത്രയാകുമ്പോൾ അത് അവസാനയാത്രയായിരിക്കുമെന്ന് വീട്ടുകാരും അറിഞ്ഞിരുന്നില്ല. കഴിഞ്ഞ വർഷം ഇതേ നാളിൽ കുടുംബത്തോടൊപ്പം യാത്രയിലായിരുന്നു രവിചന്ദ്രൻ. പൊതുവേ കയറ്റിറക്ക് ജോലി കുറവായ മേപ്പൂക്കടയിൽ അടുത്തിടെയാണ് ഒരു ഗ്രനൈറ്റ് ഷോപ്പ് ആരംഭിച്ചത്.