തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിന് തലേദിവസം ഒരു ഐ.പി.എസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തിൽ സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിൽ കയറി റെയ്ഡ് നടത്തിയതിന് പിന്നിൽ രാഷ്ട്രീയ താത്പര്യമുണ്ടെന്ന് ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
സി.പി.എമ്മിനെതിരെ ഒരു വിഷയമുണ്ടാക്കി എതിരാളികൾക്ക് രാഷ്ട്രീയമായി ആക്രമിക്കാനുളള അവസരമുണ്ടാക്കുകയായിരുന്നു ലക്ഷ്യം. ഇതിന് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ ശക്തമായ നടപടിയെടുക്കണം.
ശബരിമല പ്രശ്നത്തിന്റെ പേരിൽ നടന്ന ഹർത്താലിൽ അക്രമം നടന്നിരുന്നു. അന്നൊന്നും ഹർത്താലിനെ അനുകൂലിച്ച ബി.ജെ.പിയുടെയോ, മറ്റ് സംഘടനകളുടെയോ ജില്ലാ ഓഫീസുകളിൽ റെയ്ഡ് നടത്തിയിട്ടില്ല. ഇൗ സാഹചര്യത്തിൽ സി.പി.എം ജില്ലാ ഓഫീസിൽ പൊലീസ് പരിശോധനയ്ക്ക് എത്തിയതിൽ ദുരൂഹതയുണ്ട്.
24ന് രാത്രി 11.45നാണ് ഡി. സി. പി ചെെത്ര തെരേസ ജോണിന്റെ നേതൃത്വത്തിൽ നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ സി.പി.എം ജില്ലാ ഓഫീസിൽ കയറി പരിശോധന നടത്തിയത്. ഇത്തരത്തിൽ പരിശോധന നടത്തേണ്ട ഒരു സാഹചര്യവും ജില്ലയിൽ നിലവിലുണ്ടായിരുന്നില്ല. ബോധപൂർവം പ്രശ്നങ്ങളുണ്ടാക്കാനാണിത് ചെയ്തതെന്ന് വ്യക്തമാണ്. വാർത്തസൃഷ്ടിക്കുകയും രാഷ്ട്രീയ നേട്ടമുണ്ടാക്കുകയും മാത്രമായിരുന്നു നടപടിയുടെ ലക്ഷ്യം. ഇതിന് പിന്നിൽ ശ്രമിച്ചവർക്കെതിരെയും നടപടിയെടുക്കണമെന്ന് ജില്ലാ സെക്രട്ടറി പറഞ്ഞു. വി. ശിവൻകുട്ടിയും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.