തിരുവനന്തപുരം: ഭക്തകളുടെ പ്രാർത്ഥനാഹൃദയം ആയിരക്കണക്കിനു പൊങ്കാലക്കലങ്ങളിൽ തിളച്ചുതൂവിയപ്പോൾ ചാമുണ്ഡീദേവിക്കു മുന്നിൽ തൊഴുവൻകോടിന്റെ ഉത്സവനിലം ഒരൊറ്റ തൊഴുകൈയായി. ത്രിമൂർത്തികളുടെ സാന്നിദ്ധ്യത്തിൽ പ്രതിഷ്ഠ നടന്ന ഭാരതത്തിലെ ഏക ക്ഷേത്രമായ തൊഴുവൻകോട് ശ്രീ ചാമുണ്ഡീദേവി ക്ഷേത്ര മഹോത്സവം ഇന്നലെ പൊങ്കാലയോടെ സമാപിച്ചു.
രാവിലെ 5.30 ന് ആരംഭിച്ച പൊങ്കാലയിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും സമീപ ജില്ലകളിൽ നിന്നുമായി ആയിരക്കണക്കിന് സ്ത്രീകളാണ് പങ്കെടുത്തത്. ക്ഷേത്രട്രസ്റ്റ് ചെയർമാൻ വി.എസ്. ബോബൻലാൽ പണ്ടാരയടുപ്പിൽ തീ കൊളുത്തി പൊങ്കാലയ്ക്ക് തുടക്കം കുറിച്ചു. തുടർന്ന് ക്ഷേത്രത്തിനു ചുറ്റും പൊങ്കാലക്കളത്തിൽ ഭക്തരുടെ പ്രാർഥനയ്‌ക്കൊപ്പം മൺകലങ്ങളിൽ പൊങ്കാല തിളച്ചു. ഉച്ചയോടെ പൊങ്കാല നിവേദ്യവും മറ്റു ചടങ്ങുകളും പൂർണമായി.
രാത്രി ഏഴിനു നടന്ന ഉരുള്‍ നേർച്ചയിലും ഒൻപതിന് നടന്ന താലപ്പൊലിയിലും നിരവധി ഭക്തർ പങ്കെടുത്തു. ഇന്നു പുലർച്ചെ ഗുരുസിയോടെ പ്രതിഷ്ഠാ ഉത്സവം സമാപിച്ചു. ഉത്സവനാളുകളിൽ 11 ദിവസം പകൽ മുഴുവൻ നട തുറന്നിരുന്നതിനാൽ ചൊവ്വ, വെള്ളി ദിവസങ്ങളിൽ നട തുറക്കില്ല. ഫെബ്രുവരി മൂന്നിനാണ് ഇനി നട തുറക്കുക.