മുടപുരം: സുഗമമായി കച്ചവടം നടത്തുന്നതിനായി അഴൂർ ഗ്രാമപഞ്ചായത്തിലെ ഗാന്ധിസ്മാരകം ജംഗ്ഷന് സമീപത്തെ 2 ഏക്കറോളം വരുന്ന സ്ഥലത്ത് പബ്ലിക് മാർക്കറ്റ് സ്ഥാപിക്കാൻ അധികൃതർ മുൻകൈ എടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ഇപ്പോൾ ഗാന്ധിസ്മാരകം ജംഗ്‌ഷന് സമീപം ഗാന്ധിസ്മാരക നിധി കേന്ദ്രത്തിന്റെ പുരയിടത്തിനു സമീപമുള്ള സർക്കാർ ഭൂമിയിലാണ് നാട്ടുകാർ ചന്ത കൂടുന്നത്. ഇവിടെ അഞ്ഞൂറിലധികം പേരാണ് സാധനം വിൽക്കാനും വാങ്ങാനുമായി എത്തുന്നത്. ധാരാളം കച്ചവടക്കാർ ചന്തയിൽ എത്തുന്നുണ്ടെങ്കിലും വിപണനത്തിനുള്ള സൗകര്യങ്ങൾ ഒന്നും ഇല്ലാത്തത് അവരെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ട്. അതിനാൽ ഇവിടെ വിപണനത്തിനും വാങ്ങാനുമുള്ള സൗകര്യങ്ങൾ ഉണ്ടാക്കി പബ്ലിക് മാർക്കറ്റ് സ്ഥാപിക്കാൻ ഗ്രാമപഞ്ചായത്ത് മുൻകൈ എടുക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. ഗാന്ധി സ്മാരകം, തെറ്റിച്ചിറ, മൂന്നുമുക്ക്, നാലുമുക്ക്, ചിലമ്പിൽ, ശാസ്തവട്ടം, മുട്ടപ്പലം കൈരളി നഗർ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ള നിരവധി കുടുംബങ്ങൾക്ക് ഉപകാരപ്രദമായ ഈ ചന്ത ഗ്രാമപഞ്ചായത്തിലെ പതിമ്മൂന്നാം വാർഡിലാണ് സ്ഥിതി ചെയ്യുന്നത്. വർഷങ്ങളായി കാട് പിടിച്ച് അനാഥമായി കിടന്ന സർക്കാർ സ്ഥലം നാട്ടുകാർ അവരുടെ ആവശ്യം കണക്കിലെടുത്ത് ചന്ത കൂടുന്നതിനായി കണ്ടെത്തുകയായിരുന്നു. ചന്ത ആരംഭിച്ച കാലം മുതൽ ഇത് പൊതു മാർക്കറ്റായി പരിഗണിച്ച് സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിട്ടും അധികൃതർ ചെവിക്കൊണ്ടില്ലെന്നാണ് പരാതി.