തിരുവനന്തപുരം:റോക്കറ്റുകളുടെയും ബഹിരാകാശ വിക്ഷേപണ വാഹനങ്ങളുടെയും രൂപകൽപനയിൽ എൻജിനീയറിംഗ് വിദ്യാർത്ഥികൾക്കും പങ്കെടുക്കാം. നൂതനമായ ആശയങ്ങൾ ഐ.എസ്.ആർ.ഒയുമായി പങ്കുവെയ്ക്കാം. സ്വന്തം കഴിവ് വികസിപ്പിക്കാം. ഇതുസംബന്ധിച്ച ധാരണാപത്രത്തിൽ വി.എസ്. എസ്.സിയും സർക്കാർ സ്ഥാപനമായ ഐ.സി.ടി.യും ഒപ്പുവെച്ചു.
റോക്കറ്റുകളും മറ്റും ഡിസൈൻ ചെയ്യുന്ന 'ഫീസ്റ്റ് സോഫ്റ്റ് വെയർ' വി.എസ്.എസ്. സി. നൽകും. സംസ്ഥാനത്തെ നൂറ് എൻജിനിയറിംഗ് കോളേജുകളിൽ നിന്ന് തിരഞ്ഞെടുത്ത 5000 വിദ്യാർത്ഥികൾക്ക് ഇതിൽ പരിശീലനം നൽകും. അവരുടെ ഡിസൈനുകൾ വി.എസ്.എസ്. സി. പരിഗണിക്കും. ഇതിനായി സ്‌കിൽസ് ഡെലിവറി പ്ലാറ്റ്‌ഫോം കേരളം (എസ്.ഡി.പി.കെ) രൂപീകരിക്കും.
ധാരണാപത്രത്തിൽ വി.എസ്.എസ്.സി. ഡയക്ടർ എസ്.സോമനാഥിന്റേയും ഐ.ടി സെക്രട്ടറി എം.ശിവശങ്കറിന്റേയും സാന്നിദ്ധ്യത്തിൽ വി.എസ്.എസ്.സി ഡെപ്യൂട്ടി ഡയറക്ടർ എസ്.ശ്രീധറും, ഐ.സി.ടി അക്കാഡമി സി.ഇ.ഒ സന്തോഷ് കുറുപ്പും ഒപ്പു വച്ചു.