തിരുവനന്തപുരം:കെ.എസ്.ആർ.ടി.സിക്ക് ദിവസവരുമാനത്തിൽ 60ലക്ഷം രൂപ നഷ്ടപ്പെടുത്തി സൂപ്പർ ക്ലാസ് റൂട്ടുകളിൽ സ്വകാര്യ ബസുകൾ പായുന്നു. സൂപ്പർക്ലാസ് റൂട്ടുകളുടെ അവകാശം കെ.എസ്.ആർ.ടി.സിക്ക് മാത്രമാക്കിയ സുപ്രീംകോടതി വിധി ലംഘിച്ച് മുന്നൂറിലേറെ സ്വകാര്യ ബസുകളാണ് സർവീസ് നടത്തുന്നത്. പാലായിൽ നിന്ന് കാസർകോട് വെള്ളരിക്കുണ്ടിലേക്കുള്ള 396 കി.മീ സർവീസാണ് ഇതിൽ ഏറ്റവും ദൈർഘ്യമേറിയത്.
നഷ്ടക്കയത്തിലായ കെ.എസ്.ആർ.ടി.സിയുടെ പേരിൽ മുതലക്കണ്ണീരൊഴുക്കുന്ന അധികൃതരുടെ മൗനാനുവാദത്തോടെയാണ് സ്വകാര്യബസുകളുടെ കടന്നുകയറ്റം. ഈ ബസുടമകളെല്ലാം ഏതെങ്കിലും രാഷ്ട്രീയ കക്ഷികൾക്ക് വേണ്ടപ്പെട്ടവരാണ്.നിയമം ലംഘിച്ച് സർവീസ് നടത്തുന്ന സ്വകാര്യബസുകളുടെ പെർമിറ്റ് ചില ആർ.ടി.ഒമാർ റദ്ദാക്കുമെങ്കിലും ബസുടമകൾ സ്വാധീനം ഉപയോഗിച്ച് അതെല്ലാം സംഘടിപ്പിക്കുകയാണ് പതിവ്.
റെഡ്ബസ് റിസർവേഷൻ സംവിധാനം ഉപയോഗിച്ചു വരെ സ്വകാര്യബസുകൾ സർവീസ് നടത്തുന്നുണ്ട്.
2015ലാണ് സൂപ്പർക്ളാസ് അവകാശം കെ.എസ്.ആർ.ടി.സിക്ക് നൽകി സുപ്രീംകോടതി ഉത്തരവിട്ടത്. ലഭിച്ചത്. അതിനു മുമ്പ് സർക്കാരിന്റെ ഉത്തരവുകളെല്ലാം ലംഘിക്കപ്പെട്ടപ്പോഴാണ് കോടതി രക്ഷയായത്.
സൂപ്പർക്ലാസ് സർവീസ് നഷ്ടപ്പെട്ടതോടെ 140 കിലോമീറ്ററിനപ്പുറത്തേക്കു പോകാൻ സ്വകാര്യ ബസിനു കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ യു.ഡി.എഫ് സർക്കാർ സ്വകാര്യന്മാരെ വഴിവിട്ടു സഹായിച്ചു. ഫാസ്റ്റ് സർവീസ് നടത്താൻ കഴിയാതിരുന്ന സ്വകാര്യബസിന് ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി സർവീസിന് അനുവാദം നൽകി.
ഈ സർക്കാർ കഴിഞ്ഞ വർഷം ജനുവരിയിൽ സ്വകാര്യ ബസുകളുടെ ഒരു കിലോമീറ്റർ റണ്ണിംഗ് ടൈം രണ്ടര മിനിട്ടിൽ നിന്ന് ഒന്നേമുക്കാലായി കുറച്ചു നൽകി. കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചറിന് റണ്ണിംഗ് ടൈം രണ്ടു മിനിട്ടായിരിക്കുമ്പോഴാണ് ഈ ആനുകൂല്യം.
മുൻകൈ എടുത്തത് ആര്യാടൻ
2012ൽ ഗതാഗതമന്ത്രിയായിരുന്ന ആര്യാടൻ മുഹമ്മദ് ഇടപെട്ടാണ് സ്വകാര്യ സൂപ്പർ ക്ലാസുകളെ നിയന്ത്രിക്കുന്ന വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇതോടെ സൂപ്പർ ക്ലാസ് പെർമിറ്റുകൾ കെ.എസ്.ആർ.ടി.സിക്ക് മാത്രമായി നിജപ്പെടുത്തി. ഇതിനെതിരെ സ്വകാര്യ ബസ് ഉടമകൾ കോടതിയെ സമീപിച്ചെങ്കിലും 2015ൽ വിജ്ഞാപനം സുപ്രീംകോടതി ശരിവയ്ക്കുകയും പെർമിറ്റ് തീരുന്ന മുറയ്ക്ക് റൂട്ട് കെ.എസ്.ആർ.ടി.സി ഏറ്റെടുക്കാൻ ഉത്തരവിടുകയുമായിരുന്നു.
റിവേഴ്സ് ഗിയറിൽ കെ.എസ്.ആർ.ടി.സി
സ്വകാര്യബസുകളെ നിയന്ത്രിക്കുന്നതിൽ കെ.എസ്.ആർ.ടി.സിയും റിവേഴ്സ് ഗിയറിലാണ്. സ്വകാര്യബസുകളെ കടത്തിവെട്ടാൻ ആവശ്യത്തിന് ബസ് കെ.എസ്.ആർ.ടി.സിക്കില്ല. 5,000ത്തിനു താഴെ ബസുകളാണ് നിരത്തിലുള്ളത് 1200 എണ്ണം കട്ടപ്പുറത്താണ്.
സൂപ്പർക്ലാസ് ഇങ്ങനെ
ഫാസ്റ്റ് പാസഞ്ചർ 140 കി.മീറ്ററിൽ കൂടുതൽ
സൂപ്പർഫാസ്റ്റ് 160 കി.മീറ്ററിൽ കൂടുതൽ
സൂപ്പർ എക്സ്പ്രസ് 180 കി.മീറ്ററിൽ കൂടുതൽ