f

ബാലരാമപുരം: തെക്കൻ കേരളത്തിലെ ചരിത്രപ്രസിദ്ധമായ മംഗലത്തുകോണം കാട്ടുനടഭദ്രകാളി ക്ഷേത്രത്തിലെ മുത്തശ്ശിപാല ഇനി ഓർമ്മ. കഴിഞ്ഞ ദിവസം രാത്രി 8മണിയോടെ മുത്തശ്ശിപ്പാല നിലം പൊത്തി. ക്ഷേത്രപോറ്റി മഞ്ജു ശ്രീകോവിൽ നട അടച്ച് താക്കോൽ ഓഫീസ് ക്ലാർക്ക് അനിക്ക് കൈമാറി മിനിട്ടുകൾക്കുള്ളിൽ ശ്രീകോവിലിന് പിറകുവശത്തെ എണ്ണൂറ്‌ വർഷം പഴക്കമുള്ള മുക്കുംപാലമരം നിലംപൊത്തുകയായിരുന്നു. സന്ധ്യാപൂജയ്ക്ക് ശേഷം ക്ഷേത്രത്തിൽ എത്തിയവർ തിരികെ പോയതിനാൽ മരം വീഴുമ്പോൾ ക്ഷേത്രപിരിസരത്ത് ആരും ഉണ്ടായിരുന്നില്ല. വടക്കുഭാഗത്ത് ചാഞ്ഞ് നിന്ന പടവൃക്ഷം ശ്രീകോവിലിനോ ഉപദേവപ്രതിഷ്ഠാമണ്ഡപത്തിനോ ക്ഷതമേൽക്കാതെയാണ് വീണത്. മരംവീണതോടെ ക്ഷേത്ര തന്ത്രി പരമേശ്വരപോറ്റിയെത്തി പ്രശ്നം നോക്കി മരത്തിന്റെ മറ്റ് ഭാഗങ്ങൾ മുറിച്ച്മാറ്റാൻ കമ്മിറ്റി ഭാരവാഹികളെ അറിയിക്കുകയായിരുന്നു. മുക്കംപാലയെ സംബന്ധിച്ചുള്ള ചരിത്രവസ്തുതകളും ഇതിനോടകം സോഷ്യൽ മീഡിയ വഴി പ്രചരിച്ച് തുടങ്ങി.

രാത്രികാലങ്ങളിൽ വെള്ളിമൂങ്ങയുടെയും മറ്റ് കിളികളുടെയും വാസസ്ഥലമായ മുക്കംപാലത്തിന് ചരിത്രവുമുണ്ട്. അരുവിപ്പുറം ശിവപ്രതിഷ്ഠ കഴിഞ്ഞ് ദേശാടന മധ്യേ ശ്രീനാരായണഗുരുദേവൻ കാട്ടുനട ക്ഷേത്രത്തിൽ എത്തിച്ചേരുകയും ഗുരുദേവൻ സ്വന്തം അനുഭവത്തിലൂടെ ഇവിടെ ബാലാംബികയാണ് ഇവിടെ കുടികൊള്ളുന്നതെന്ന് ജനങ്ങലോട് അറിയിച്ചതും. അനേകം ഋഷിവര്യന്മാരും ഇവിടെ എത്തിയിട്ടുണ്ട്. വർഷങ്ങൾ പഴക്കമുള്ള ചരിത്രമാണ് ഇപ്പോൾ നിലംപൊത്തിയത്.