ii

നെയ്യാറ്റിൻകര: ടൗണിലും പരിസരപ്രദേശത്തും ഇപ്പോൾ കാണുന്നത് മഞ്ഞല്ല, പകരം പ്ലാസ്റ്റിക് ഉൾപ്പടെയുള്ള മാലിന്യങ്ങൾ കുട്ടിയിട്ട് കത്തിക്കുന്നതിന്റെ പുകയാണ്. പൊതുനിരത്തിൽ കൂനകൂട്ടി കത്തിക്കുന്ന ഇവ വൻ പരിസ്ഥിതി ദുരന്തങ്ങൾ ക്ഷണിച്ചുവരുത്തുമെന്ന ആശങ്കയിലാണ് നാട്ടുകാർ. ടൗണിലും മറ്റും വലിച്ചെറിയുന്ന ഖരമാലിന്യങ്ങൾ മുൻസിപ്പാലിറ്റി ലോറികളിൽ കയറ്റി കൊണ്ട് പോവുന്നതായിരുന്നു പതിവ്. എന്നാൽ ഇപ്പോൾ ഇത് റോഡിൽ തന്നെ കുനകൂട്ടി കത്തിക്കുകയാണ്. പ്രഭാത സവാരിക്കാർ തുടങ്ങി സ്കൂൾ കുട്ടികളും ഉദ്യോഗസ്ഥരുമെല്ലാം ഈ പുക ശ്വസിച്ചാണ് രാവിലെ യാത്ര.

നെയ്യാറ്റിൻകര നഗരസഭാ പ്രദേശത്ത് പ്ലാസ്റ്റിക് നിരോധിച്ചിട്ടുണ്ടെങ്കിലും ഇവ ഉപയോഗിക്കുന്നത് പിടികൂടുവാനും പ്ലാസ്റ്റിക് ക്യാരിബാഗിനും കുപ്പികൾക്കും പകരം ബദൽസംവിധാനം നിർദ്ദേശിക്കുന്നതിനും നഗരസഭ പരാജയപ്പെട്ട പശ്ചാത്തലത്തിലാണ് നിരോധനം വെറും പാഴ്വാക്കായി മാറിയതെന്ന് നാട്ടുകാർ പറയുന്നു. ശാസ്ത്രീയമായ ചവർ സംസ്കരണത്തിന് നഗരസഭക്ക് പ്രത്യേക പോളിസിയെ പ്രായോഗിക നടപടികൾ സ്വീകരിക്കുവാനോ കഴിയാതെ വന്നപ്പോഴാണ് നാട്ടുകാരെ മുഴുവൻ തീരാരോഗത്തിലേക്ക് തള്ളിവിട്ടുള്ള പെതുനിരത്തിലെ കത്തിക്കൽ തുടരുന്നതത്രേ. റോഡരുകിൽ വലിച്ചെറിയുന്ന ഉപയോഗശൂന്യമായ പ്ലാസ്റ്റിക്കും മറ്റ് ഖരമാലിന്യങ്ങളും രാവിലെ പൊതു നിരത്തിൽ കത്തിക്കുന്നത് കാരണം റോഡരുകിലെ നിവാസികൾക്ക് അലർജി ജന്യമായ രോഗങ്ങൾ പിടിപെടുന്നതായി പരാതി ഉയർന്നിട്ടുണ്ട്.

വഴിയരുകിൽ മാലിന്യം കൊണ്ടിടുന്നതിനും അവ വഴിയോരത്ത് കത്തിക്കുന്നതിനും വിവിധ റസിഡന്റ്സ് അസോസിയേഷനുകൾ രംഗത്തെത്തിയിരുന്നെങ്കിലും ഇപ്പോൾ അവരും പിന്മാറിയ മട്ടാണ്.

നെയ്യാറ്റിൻകര ജില്ല ആശുപത്രി പരിസരം, ടി.ബി ജംഗ്ഷനിലെ ചന്ത, ഈഴക്കുളം പ്രദേശം, ആലുമ്മൂട്, ബസ്റ്റാൻഡ് ജംഗ്ഷൻ എന്നിവിടങ്ങളിലാണ് കൂടുതലും മാലിന്യം കുന്നകൂട്ടിയിട്ട് കത്തിക്കുന്നത്.

റോഡരികിലെ പ്ലാസ്റ്റിക് മാലിന്യം കത്തിക്കുമ്പോൾ നിരവധി അസുഖങ്ങൾ അത് ശ്വസിക്കുന്നവരിൽ കണ്ടെത്തിയിട്ടുള്ളതായി പഠനങ്ങൾ വ്യക്തമാക്കുന്നു. നൈട്രജൻ ഓക്സൈഡ്, സൾഫർ ഡയോക്സൈഡ്, മറ്റ് വിവിധ വിഷ വസ്തുക്കൾ എന്നിവ പ്ലാസ്റ്റിക് കത്തുമ്പോൾ ഉണ്ടാകുന്നു. ആസ്മ, ഹൃദയാഘാതം, കരൾ രോഗങ്ങൾ, കിഡ്നി തകരാറുകൾ, ക്യാൻസർ, വിട്ടുമാറാത്ത തലവേദന, വിവിധ തരം അലർജികൾ എന്നിവ പ്ലാസ്റ്റിക് കത്തുന്ന പുക ശ്വസിച്ചാലുണ്ടാകുമെന്ന് ഡോക്ടർമാർ പറയുന്നു.