തിരുവനന്തപുരം: രമേശ് ചെന്നിത്തലയുടെ ചിത്രം മോർഫ് ചെയ്‌ത് സോഷ്യൽ മീഡിയയിലൂടെ വ്യാജപ്രചാരണം നടത്തിയ സംഭവങ്ങളിൽ പ്രതിപക്ഷനേതാവിന്റെ ഓഫീസ് നൽകിയ പരാതികൾ പൊലീസ് അന്വേഷിക്കുന്നില്ലെന്ന് ആക്ഷേപം. മുഖ്യമന്ത്രിക്കെതിരെ ആക്ഷേപം നടത്തുന്നവരെ മണിക്കൂറുകൾക്കകം പിടികൂടുന്ന പൊലീസ് ചെന്നിത്തലയുടെ പരാതിയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ പോലും തയ്യാറാകുന്നില്ലെന്നു പ്രതിപക്ഷ നേതാവിന്റെ ഓഫീസ് ആരോപിച്ചു.
ശബരിമല വിഷയത്തിൽ ചെന്നിത്തലയെ ഫേസ്ബുക്കിലൂടെ അപകീർത്തികരമായ പ്രചാരണം നടത്തിയവർക്കെതിരെ 21ന് മ്യൂസിയം സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും തുടർനടപടിയുണ്ടായില്ല. പോരാളി ഷാജിയെന്ന ഫേസ്ബുക്ക് പേജിനും ആറ് പേർക്കുമെതിരായി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്‌തെങ്കിലും സംഭവത്തിന് പിന്നിൽ സി.പി.എം ബന്ധമുള്ളവരായതിനാൽ പൊലീസ് ഒത്തുകളിച്ചെന്നും ആക്ഷേപമുണ്ട്.
കഴിഞ്ഞ മാർച്ചിൽ സമാനമായ സംഭവത്തിൽ ആഭ്യന്തര സെക്രട്ടറിക്ക് നേരിട്ട് പരാതി നൽകിയെങ്കിലും പൊലീസ് അന്വേഷണം അട്ടിമറിച്ചു. പോരാളി ഷാജി, ചേഗുവേര ഫാൻസ് എന്നീ പേജുകൾക്കെതിരെ ക്രൈംബ്രാഞ്ചിന് നൽകിയ കേസിലും തുടർനടപടിയുണ്ടായില്ല. തുടർന്ന് ഈ മാസം 14ന് പരാതിയുമായി ബന്ധപ്പെട്ട ലിങ്കുകൾ ഹാജരാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവിന്റെ ഓഫീസിന് ക്രൈംബ്രാഞ്ച് കത്ത് നൽകിയിരുന്നു. പരാതി ലഭിച്ചയുടൻ ശേഖരിക്കേണ്ട തെളിവുകൾ പത്തു മാസം കഴിഞ്ഞ് പരാതിക്കാരനോട് ആവശ്യപ്പെടുന്നത് അന്വേഷണം അട്ടിമറിക്കുന്നതിന് തെളിവാണെന്നും പ്രതിപക്ഷ നേതാവിന്റെ ഓഫീസ് ആരോപിച്ചു.