ksrtc

തിരുവനന്തപുരം: കാൽനൂറ്റാണ്ടായി കടം വാങ്ങിയും സർക്കാരിന്റെ ധനസഹായത്താലും വേച്ച് വേച്ച് നീങ്ങിയിരുന്ന കെ.എസ്.ആർ.ടി.സി ജനുവരിയിലെ ശമ്പളം സ്വന്തം പോക്കറ്റിൽ നിന്നു നൽകും. 31 ന് തന്നെ ശമ്പളം ജീവനക്കാരുടെ അക്കൗണ്ടുകളിലെത്തും. ഇതിനായി 90കോടി രൂപയാണ് കോർപറേഷന് വേണ്ടത്. ശബരിമല സർവീസ് ,ഷെഡ്യൂൾ പുനഃക്രമീകരണം, എന്നിവയിലൂടെ ലഭിച്ച അധിക വരുമാനമാണ് കെ.എസ്.ആർ.ടി.സിക്ക് പിടിവള്ളിയായത്.മണ്ഡല-മകരവിളക്കു കാലത്ത് റെക്കാ‌ഡ് വരുമാനമായ 45.2 കോടി രൂപയാണ് പ്രത്യേക സർവീസിലൂടെ ലഭിച്ചത്. കഴിഞ്ഞ വർഷം ഈ സീസണിലെ വരുമാനം 15.2 കോടിയായിരുന്നു.

ഡബിൾ ഡ്യൂട്ടി നിറുത്തിയതോടെ ദിവസവും 646 പേരുടെ ജോലി ലാഭിക്കാൻ കഴിഞ്ഞു. ഇതുവഴി വർഷം 58.94 കോടിയുടെ ലാഭമുണ്ടാകും. ദിവസ അലവൻസ് ഇനത്തിൽ 8.2 ലക്ഷം രൂപയുടെ ചെലവും കുറഞ്ഞു. അദർ ഡ്യൂട്ടിയിലുണ്ടായിരുന്ന 613 കണ്ടക്ടർമാരെ ബസുകളിൽ നിയോഗിച്ചതും വരുമാനം ഉയർത്തി. .പമ്പ -നിലയ്‌ക്കൽ പാതയിലെ കണ്ടക്ടറില്ലാത്ത ബസുകളും ചെലവ് കുറച്ചു.ഡ്രൈവർ കം കണ്ടക്ടർ സംവിധാനത്തിലൂടെ അപകടം കുറയ്ക്കാനുമായി.

സർക്കാർ ധനസഹായത്താൽ പെൻഷൻ വിതരണം സഹകരണബാങ്കുകളിലൂടെ ആക്കിയെങ്കിലും സ്വന്തം വരുമാനത്തിൽ നിന്ന് ശമ്പളം നൽകാൻ കെ.എസ്.ആർ.ടി.സിക്ക് കഴിഞ്ഞിരുന്നില്ല. ശരാശരി 20 മുതൽ 30 കോടി രൂപവരെയാണ് എല്ലാമാസവും സർക്കാരിൽ നിന്ന് കോർപ്പറേഷൻ വാങ്ങിയിരുന്നത്.