രണ്ട് പേർ പിടിയിൽ
തിരുവനന്തപുരം: വിമാനത്താവളത്തിലൂടെ കടത്താൻ ശ്രമിച്ച 40.5 ലക്ഷം രൂപയുടെ സ്വർണവും വിദേശ കറൻസിയും പിടികൂടി. നാട്ടിൽ നിന്നും വിദേശത്തേയ്ക്ക് കടത്താൻ ശ്രമിച്ച 18.5 ലക്ഷം രൂപയുടെ വിദേശകറൻസികളും വിദേശത്ത് നിന്ന് നാട്ടിലെത്തിച്ച 22 ലക്ഷംരൂപ വിലവരുന്ന സ്വർണവുമാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡി.ആർ.ഐ ) സംഘം പിടികൂടിയത്. കാസർകോഡ് സ്വദേശി കമാലുദീൻ (20), ചങ്ങനാശേരി പെരുന്ന സ്വദേശി മുഹമ്മദ് ഹിഷാം (25) എന്നിവരാണ് പിടിയിലായത്. ഞായറാഴ്ച പുലർച്ചെയായിരുന്നു സംഭവം. പുലർച്ചെ എയർ അറേബ്യൻ വിമാനത്തിൽ ഷാർജയിലേക്ക് പോകുന്ന യാത്രക്കാരൻ കറൻസി കടത്തുന്നുവെന്ന രഹസ്യവിവരം കിട്ടിയതിനെ തുടർന്ന് ഡി.ആർ.ഐ സംഘം വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിലാണ് കമാലുദീൻ പിടിയിലായത്. കമാലുദീന്റെ ബാഗിനുള്ളിലെ പ്രത്യേക അറകളിലായി സൗദി,ഒമാൻ.യു.എസ്.വിദേശ കറൻസികൾ ഒളിപ്പിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ഷാർജയിൽ നിന്നും തിരുവനന്തപുരത്ത് എത്തിയ എമിറേറ്റസ് എയർലൈസിന്റെ 6ഇ വിമാനത്തിലെ യാത്രക്കാരനായ മുഹമ്മദ് ഹിഷാമാണ് 22ലക്ഷത്തിന്റെ സ്വർണവുമായി പിടിയിലായത്. 662 ഗ്രാം തൂക്കം വരുന്ന സ്വർണം ആഭരണങ്ങളായും മൂന്ന് ബിസ്‌ക്കറ്റുകളാക്കിയും ശരീരത്തിൽ വിവധഭാഗങ്ങളിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു. ഇരുവർക്കെതിരെയും കേസെടുത്തു. എയർകസ്റ്റംസ് ഇന്റലിജൻസ് ഡെപ്യൂട്ടി കമ്മീഷണർ കൃഷ്‌ണേന്ദു രാജ മിന്റോയുടെ നേതൃത്വത്തിൽ അസിസ്സന്റ് കമീഷണർ എസ്.സിമി,സൂപ്രണ്ടുമാരായ ജയരാജ്, പ്രമോദ്, ഇൻസ്‌പെക്ടർമാരായ ജോസഫ്,സിയാദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടിക്കൂടിയത്.