വെള്ളറട: മാർച്ച് 31ന് ആരംഭിക്കുന്ന 62ാം തെക്കൻ കുരിശുമല തീർത്ഥാടനത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് കുരിശുമല സംഗമവേദിയിൽ സർക്കാരിന്റെ വിവിധ വകുപ്പുകളുടെ ഉന്നത തലയോഗം നെയ്യാറ്റിൻകര തഹസീൽദാറുടെ നേതൃത്വത്തിൽ ചേർന്നു. ആരോഗ്യവകുപ്പ് പൊലീസ്, ഫയർഫോഴ്സ്, മോട്ടോർ വാഹനവകുപ്പ്, എക്സൈസ്, വൈദ്യുതി, റവന്യു, തുടങ്ങിയവയിലെ ഉന്നത ഉദ്യോഗസഥർ യോഗത്തിൽ പങ്കെടുത്തു. തീർത്ഥാടന നടത്തിപ്പിന് ആവശ്യമായ സുരക്ഷ ക്രമീകരണങ്ങൾ പൊലീസ് നടപ്പിലാക്കും. കത്തിപ്പാറ, ശങ്കിലി റോഡിൽ തിരക്ക് അനുസരിച്ച് വൺവേ സംവിധാനം ക്രമീകരികാനും യോഗം തീരുമാനിച്ചു. തീർത്ഥാടനത്തിനു മുമ്പ് റോഡുകൾ പി. ഡബ്ള്യു.ഡി റോഡുകളുടെ അറ്റകുറ്റപ്പണികൾ തീർക്കുമെന്നും കൂതാളി കുരിശുമല റോഡ് വീതികൂട്ടി ടാർചെയ്യുമെന്നും സി.കെ ഹരീന്ദ്രൻ എം.എൽ.എ അറിയിച്ചു. ആയുർവേദം, അലോപ്പതി, ഹോമിയോപ്പതി, തുടങ്ങിയവയുടെ സേവനവും ലഭ്യമാക്കാനും തീരുമാനിച്ചിട്ടുണ്ട്. കാളിപ്പാറ കുടിവെള്ള പദ്ധതിയിൽ നിന്നും അഞ്ചാം കുരിശുവരെ വെള്ളം എത്തിക്കുന്നതിനുള്ള സൗകര്യം ഒരുക്കണമെന്നും സംഘാടകർ ആവശ്യപ്പെട്ടു. കുരിശുമല ഡയറക്ടർ ഡോ. വിൽസന്റ് കെ. പീറ്റർ അദ്ധ്യക്ഷത വഹിച്ചു.