നെയ്യാറ്റിൻകര: ഈ റിപ്പബ്ളിക് ദിനത്തിൽ നെയ്യാറ്റിൻകര എസ് ഓഡിറ്റോറിയത്തിലെ ഇരട്ട കതിർമണ്ഡപത്തിൽ ഇരട്ട സഹോദന്മാർ താലിചാർത്തിയത് ഇരട്ട സഹോദരിമാരെ. കഴിഞ്ഞ ദിവസം നടന്ന ഈ കൗതുക വിവാഹത്തിന് സാക്ഷ്യം വഹിക്കാനെത്തിയത് ക്ഷണിച്ചതും അല്ലാത്തതുമായ ആയിരത്തിലധികം പേരാണ്. അമരവിള കീഴ്‌ക്കൊല്ലയിൽ ഊട്ടുവിള മുരളീസദനത്തിൽ മുരളീധരന്റെയും പി. ശാലിനികുമാരിയുടെയും മക്കളായ സുമിത്രയ്ക്കും സുചിത്രയ്ക്കുമാണ് മഞ്ചവിളാകം പാങ്ങോട്ടുകോണം അശ്വതിയിൽ സോമശേഖരൻനായരുടെയും നളിനകുമാരിയുടെയും മക്കളായ അഭിജിത്തും അഭിശാന്തും വരന്മാരായെത്തിയത്. ഇരട്ട പെൺകുട്ടികളെ എങ്ങനെ വിവാഹം കഴിച്ചയയ്ക്കണം എന്ന രക്ഷിതാക്കളുടെ ആകുലതയ്ക്ക് ആശ്വാസമായി ഇരട്ടക്കുട്ടികളെ ജീവിതത്തിലേക്ക് വരവേൽക്കാൻ ഇരട്ടസഹോദരന്മാരായ വരന്മാരെത്തിയത് ഭാഗ്യമായി ഈ മാതാപിതാക്കൾ കാണുന്നു. അഭിജിത്തും അഭിശാന്തും ദുബായിൽ ഇല്‌കട്രീഷ്യന്മാരായി ജോലി നോക്കുന്നു. ധനുവച്ചപുരം ഐ.ടി.ഐയിലെ പഠന ശേഷമാണ് ഗൾഫിലേക്കു പോയത്. സുമിത്രയും സുചിത്രയും ഡിഗ്രി കഴിഞ്ഞ് പി.എസ്.സി കോച്ചിംഗ് സെന്ററിൽ പഠിക്കുകയാണ്.