ശിവഗിരി: പത്മശ്രീ പുരസ്കാരം ലഭിച്ച ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദയ്ക്ക് ശിവഗിരി മഠത്തിൽ ആശ്രമോചിതമായ സ്വീകരണം നൽകി. ഇതാദ്യമായാണ് പത്മശ്രീ പുരസ്കാരം ശിവഗിരി മഠത്തെ തേടി എത്തുന്നത്.
പുരസ്കാര പ്രഖ്യാപനം നടക്കുമ്പോൾ സ്വാമി ചെന്നൈ ശ്രീനാരായണ മന്ദിരത്തിലായിരുന്നു. ശിവഗിരി മഠാധിപതിയായിരുന്ന ഗോവിന്ദാനന്ദ സ്വാമികളുടെ 88-ാമത് സമാധിവാർഷികത്തോടനുബന്ധിച്ച് കാഞ്ചിപുരം ശ്രീനാരായണ സേവാശ്രമത്തിൽ ഗുരുപൂജയിൽ പങ്കെടുത്ത ശേഷമാണ് അവിടെ എത്തിയത്.
ഞായറാഴ്ച ഉച്ചയ്ക്ക് 12മണിയോടെ തിരിച്ചെത്തിയ സ്വാമി വിശുദ്ധാനന്ദയെ ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ ശിവഗിരി മഠത്തിന്റെ കവാടത്തിൽവച്ച് മഞ്ഞഷാൾ അണിയിച്ച് സ്വീകരിച്ചു. ശാരദാമഠത്തിനു മുന്നിലെ മാവിൻചുവട്ടിൽ പാദപൂജ നടത്തി പൂർണകുംഭം നൽകിയാണ് സന്യാസിമാർ എതിരേറ്റത്. ശാരദാമഠത്തിലും വൈദികമഠത്തിലും സ്വാമി വിശുദ്ധാനന്ദ പ്രണാമമർപ്പിച്ചു.
സ്വാമി വിശാലാനന്ദ, സ്വാമി പരാനന്ദ, സ്വാമി മഹേശ്വരാനന്ദ സരസ്വതി, സ്വാമി ഗോവിന്ദാനന്ദ, എസ്.എൻ.ഡി.പി യോഗം ശിവഗിരി യൂണിയൻ പ്രസിഡന്റ് കല്ലമ്പലം നകുലൻ, സെക്രട്ടറി അജി എസ്.ആർ.എം, വർക്കല കഹാർ, വർക്കല എസ്.എൻ. കോളേജ് പ്രിൻസിപ്പൽ എൽ. തുളസീധരൻ, ഡോ. എം. ജയരാജ്,
എം.രാജീവൻ, ജി.ശിവകുമാർ, ബോബി വർക്കല, സുനിൽ പ്ലാവഴികം, അനൂപ് വെന്നികോട്, അനിൽ മുത്താന, സനൽ വലയന്റകുഴി, സുശീലൻ മേനാപ്പാറ, പ്രസാദ് പ്ലാവഴികം, കെ.കെ.മുരളീധരൻ, എവർഷൈൻ മോഹൻദാസ്, അഡ്വ. സാജ് എസ്. ശിവൻ, കൗൺസിലർ പ്രസാദ്, സന്തോഷ് വട്ടപ്ലാംമൂട്, പ്രസാദ് വട്ടപ്ലാംമൂട് തുടങ്ങി ശ്രീനാരായണ പ്രസ്ഥാനങ്ങളുടെയും മറ്റു സാസംസ്കാരിക സംഘടനകളുടെ പ്രതിനിധികളും ശ്രീനാരായണ സമൂഹവും സ്വാമിയെ അനുമോദിക്കാൻ എത്തിയിരുന്നു. അഡ്വ. വി.ജോയി എം.എൽ.എയും മഠത്തിലെത്തി അഭിനന്ദനം അറിയിച്ചു.
ശ്രീനാരായണ ഗുരുദേവന്റെ ആദ്ധ്യാത്മിക പാതയിൽ സഞ്ചരിക്കുന്ന ശിഷ്യപരമ്പര മഹാഗുരുവിന്റെ ദർശനങ്ങളെ നെഞ്ചിലേറ്റുന്നതിന്റെ അംഗീകാരമായാണ് പുരസ്കാരത്തെ കാണുന്നതെന്ന് സ്വാമി വിശുദ്ധാനന്ദ പറഞ്ഞു. രാഷ്ട്രപതിയായും പ്രധാനമന്ത്റിയായും പിന്നാക്ക വിഭാഗത്തിൽ പെട്ട രണ്ട് മഹത്തുക്കൾ രാജ്യത്തെ നയിക്കുന്ന അവസരത്തിൽ ശിവഗിരിക്ക് കിട്ടിയ അംഗീകാരം ഏറെ ശ്രദ്ധേയമാണെന്നും സ്വാമി ഓർമ്മിപ്പിച്ചു. ഭാരതം ഗുരുവിലേക്ക് മടങ്ങുന്നതിന്റെ സൂചനയാണ് ഇതെന്നും സ്വാമി വിശുദ്ധാനന്ദ പറഞ്ഞു.